എഴുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു കീറി കുടൽമാല പുറത്തു ചാടി; ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടി മരിച്ചു
ലഖ്‌നൗ: തെരുവുനായയുടെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എഴുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.
ഉത്തര്‍പ്രദേശ് നോയിഡയിലെ ഹൈ-റൈസ് സൊസൈറ്റിക്ക് സമീപമാണ് സംഭവം. ഇന്നലെ വൈകീട്ടാണ് കുഞ്ഞിനെ തെരുവനായ ആക്രമിച്ചത്.
ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നായയുടെ ആക്രമണത്തില്‍ കുട്ടിയുടെ കുടല്‍ മാല പുറത്തുവന്നിരുന്നു. കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും വിജയകരമായില്ല.
ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ രോഷാകുലരായ നാട്ടുകാര്‍ തെരുവുനായ ശല്യത്തില്‍ അടിയന്തരനടപടി വേണമെന്ന് നോയിഡ ജില്ലാഭരണകൂടത്തോട് ആവശ്യപ്പെട്ടു. പ്രദേശത്ത് സമീപകാലത്തായി തെരുവുനായ ശല്യം രൂക്ഷമാണെന്നും പ്രദേശവാസികള്‍ പറയുന്നു.
സൊസൈറ്റിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് കൂലിപ്പണിക്കാരനായ ദമ്ബതികള്‍ കുഞ്ഞുമായി അവിടെയെത്തിയത്. കുട്ടിയെ ഉറക്കികിടത്തിയപ്പോഴാണ് തെരുവുനായ കടിച്ചതെന്നും മറ്റ് തൊഴിലാളികള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.