ഹിസ്ബുള്ള ഉപയോഗിക്കുന്ന പേജര്‍ ഒരേസമയം പൊട്ടിത്തെറിച്ച സംഭവം; പങ്കില്ലെന്ന് അമേരിക്ക

single-img
19 September 2024

ലെബനനിൽ നിന്നുള്ള സായുധ സംഘമായ ഹിസ്ബുള്ള പ്രവർത്തകർ വ്യാപകമായി ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജര്‍ യന്ത്രങ്ങള്‍ ഒരേസമയം പൊട്ടിത്തെറിച്ച സംഭവത്തില്‍ പങ്കില്ലെന്ന് അമേരിക്ക. പെന്റഗണ്‍ വക്താവാണ് ഈക്കാര്യം അറിയിച്ചത്.

ആശയവിനിമയ ഇലക്ട്രോണിക് ഉപകരണമായ പേജറുകള്‍ ഇന്നലെയാണ് ഒരേസമയം കൂട്ടത്തോടെ പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും 2750 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു . പരിക്കേറ്റ 200ലധികം പേരുടെ പരിക്ക് ഗുരുതരമാണെന്ന് ലബനന്‍ ആരോഗ്യ മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.

അതേസമയം, തങ്ങൾ ലെബനിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും ഇസ്രയേലും ലെബനനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ചര്‍ച്ചയ്ക്ക് ഇരു രാജ്യങ്ങള്‍ ശ്രമിക്കണമെന്നും അമേരിക്കൻ വക്താവ് പറഞ്ഞു.മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതുമൂലം ശത്രുവിന് ലൊക്കേഷന്‍ കണ്ടെത്തി ആക്രമിക്കാന്‍ എളുപ്പമായതിനാലാണ് ഹിസ്ബുല്ല സംഘങ്ങള്‍ ആശയവിനിമയത്തിന് പഴയകാല പേജര്‍ യന്ത്രങ്ങള്‍ ഈ കാലത്തിലും ഉപയോഗിക്കുന്നത്.

അങ്ങിനെയുള്ള ആയിരക്കണക്കിന് പേജര്‍ യന്ത്രങ്ങളാണ് ഒരേ സമയത്ത് പൊട്ടിത്തെറിച്ചത്.പരുക്കേറ്റവരില്‍ ഉന്നത ഹിസ്ബുല്ല നേതാക്കളുമുണ്ട്. ഇസ്രയേല്‍ ഹിസ്ബുല്ല ഭിന്നത രൂക്ഷമായിരിക്കെയാണ് സംഭവം. അതുകൊണ്ടുതന്നെ, ഇതൊരു ആസൂത്രിത ഇലക്ട്രോണിക് ആക്രമണമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലും പേജര്‍ പൊട്ടിത്തെറിച്ച് ഏഴ് പേര്‍ മരിച്ചതായും വിവരമുണ്ട്.