ബോളിവുഡിന് തിരിച്ചുവരാന്‍ ഒരൊറ്റ ചിത്രം മതി; ചിലപ്പോള്‍ അത് പഠാന്‍ ആയേക്കാം: പൃഥ്വിരാജ്
നിർമ്മാണ ബജറ്റിന്‍റെയും തിയേറ്ററിൽ നേടുന്ന സാമ്പത്തിക വിജയത്തിന്‍റെയും കാര്യത്തില്‍ ഇന്ത്യയിലെ മറ്റു ഭാഷാ സിനിമകളേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു ബോളിവുഡ്, പക്ഷെ കൊവിഡ് ഈ കാര്യങ്ങളിൽ സാരമായ വ്യത്യാസങ്ങള്‍ വരുത്തി. ഇപ്പോഴിതാ, ഹിന്ദി സിനിമാ വ്യവസായത്തെക്കുറിച്ചുള്ള തന്‍റെ പ്രതീക്ഷ പങ്കുവെക്കുകയാണ് പൃഥ്വിരാജ് .
ബോളിവുഡിന് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാന്‍ ഒരൊറ്റ ചിത്രം മതിയെന്ന് പറയുന്നു പൃഥ്വിരാജ്. ഫിലിം കമ്പാനിയൻ എന്ന വിനോദ ഓൺലൈൻ ചാനൽ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് പൃഥ്വിരാജിന്‍റെ ഈ പ്രതികരണം.
ഒരു കാലഘട്ടത്തിൽ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ഞങ്ങള്‍ ബോളിവുഡ് സിനിമകളെക്കുറിച്ച് സംസാരിച്ചിരുന്നു. എങ്ങനെയാണ് അവര്‍ ഇത്രയും വലിയ വിജയങ്ങള്‍ ഉണ്ടാക്കുന്നതെന്നും വിദേശ മാര്‍ക്കറ്റുകളിലേക്ക് കടന്നുകയറുന്നതെന്നും. എന്നാൽ ആ കാലം ഒരുപാട് പിന്നിലല്ല. ബോളിവുഡ് ഇപ്പോള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത് ഒരു ഘട്ടമാണ്. ഒരു വലിയ ഹിറ്റ് സംഭവിക്കും. ചിലപ്പോള്‍ അത് പഠാന്‍ ആയേക്കാം, പൃഥ്വിരാജ് പറഞ്ഞു.
ദീർഘകാലമായി സിനിമകൾ ചെയ്യാത്ത ബോളിവുഡില്‍ ഷാരൂഖ് ഖാന്‍റെ തിരിച്ചുവരവ് ചിത്രമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സിനിമയാണ് പഠാന്‍. 2018 ല്‍ പുറത്തെത്തിയ സീറോ എന്ന സിനിമയ്ക്ക് ശേഷം എസ് ആര്‍ കെ നായകനായി സ്ക്രീനിലെത്തുന്ന ചിത്രമാണിത്. ജനുവരി 25 ന് ആണ് ചിത്രത്തിന്‍റെ റിലീസ്.