പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിന്‌ പ്രത്യേക റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിച്ചു

single-img
4 May 2023

വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിന്‌ പ്രത്യേക റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിച്ചു.

കേരള പബ്ലിക് എന്റര്‍പ്രൈസസ് ബോര്‍ഡിനാണ് സര്‍ക്കാര്‍ രൂപംനല്‍കിയത്. സെലക്‌ഷനും റിക്രൂട്ട്മെന്റും ഈ ബോര്‍ഡാണ് നടത്തുക.

പിഎസ്‌സി നിയമനം വ്യവസ്ഥ ചെയ്തിട്ടില്ലാത്ത തസ്തികകളിലേക്കുള്ള നിയമനമാണ് ബോര്‍ഡിനു കീഴില്‍ വരിക. നിയമനങ്ങളില്‍ സുതാര്യത ഉറപ്പാക്കാനാണ്‌ പുതിയ ബോര്‍ഡ് രൂപീകരിച്ചതെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. പൊതുമേഖലയുടെ കാര്യക്ഷമത ഉയര്‍ത്തുന്നതില്‍ പുതിയ റിക്രൂട്ട്മെന്റ് ബോര്‍ഡിന് വലിയ പങ്കുവഹിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

ബോര്‍ഡ് അംഗങ്ങളായി നാലുപേരെ നിയമിച്ചു. പുതിയ ചെയര്‍മാനെ നിയമിക്കുന്നതുവരെ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍കൂടിയായ ബോര്‍ഡംഗം വി രാജീവന്‍ ചുമതല നിര്‍വഹിക്കും. കെഎസ്‌ഇബി മുന്‍ ചീഫ് എന്‍ജിനിയര്‍ ആര്‍ രാധാകൃഷ്ണന്‍, കേരള ഇലക്‌ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിങ്‌ ലിമിറ്റഡ് (കെല്‍) ജനറല്‍ മാനേജര്‍ ലത സി ശേഖര്‍, എംജി സര്‍വകലാശാല മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ ഷറഫുദ്ദീന്‍ എന്നിവരാണ്‌ മറ്റ്‌ അംഗങ്ങള്‍.