പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു
നിലമ്ബൂര്‍: ചന്തക്കുന്നില്‍ പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു. രണ്ടു കുഞ്ഞുങ്ങള്‍ പുറത്തെത്തിയ ശേഷം മൂന്നാമത്തെ കുഞ്ഞിന്റെ തല പുറത്തുവരുന്നതിനിടെയാണ് പട്ടിയുടെ നടുവിന് ആരോ വടികൊണ്ടടിച്ചത്.
പട്ടി പ്രാണവേദനയോടെ ഓടിരക്ഷപ്പെട്ടു. ചൊവ്വാഴ്ചയാണ് സംഭവമെന്ന് കരുതുന്നു.
പാതി പുറത്തു വന്ന കുഞ്ഞുമായി പട്ടി അലയുന്നത് ഇന്നലെ രാവിലെയാണ് സാമൂഹിക പ്രവര്‍ത്തനായ കെ.പി. മുജീബ് റഹ്മാന്റെ ശ്രദ്ധയില്‍പ്പെട്ടത്. അദ്ദേഹം എമേര്‍ജന്‍സി റെസ്ക്യു ഫോഴ്സിന്റെ സഹായത്തോടെ പട്ടിയെ പിടികൂടി വെറ്ററിനറി ഹോസ്പിറ്റലിലെത്തിച്ചു. ഡോക്ടര്‍ ലഘുശസ്ത്രക്രിയ നടത്തി നായയുടെ വയറ്റില്‍ നിന്ന് പാതിപുറത്തുവന്നതടക്കം രണ്ട് കുഞ്ഞുങ്ങളുടെ മൃതദേഹം പുറത്തെടുത്തു.
ചത്ത് അഴുകിയ നിലയിലായിരുന്നു. പ്രസവിച്ച രണ്ടു കുഞ്ഞുങ്ങളെ വഴിയരികില്‍ നിന്ന് കണ്ടെത്തി അമ്മയ്ക്കരികിലാക്കി കൂട്ടിലടച്ചു. പിന്നീട് വൃത്തിയാക്കാന്‍ കൂട് തുറന്നപ്പോള്‍ തള്ളപ്പട്ടി ഓടിപ്പോയി. ആശുപത്രി ജീവനക്കാരും മുജീബും പാലും ബിസ്കറ്റും കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നുണ്ട്. കുഞ്ഞുങ്ങളെ തേടി തള്ളപ്പട്ടി വരുമെന്ന പ്രതീക്ഷയില്‍ കൂടിന്റെ വാതില്‍ തുറന്നിട്ടിട്ടുണ്ട്. എതെങ്കിലും വീട്ടുപരിസരത്ത് പ്രസവിക്കുമ്ബോഴാകാം പട്ടിക്ക് അടിയേറ്റതെന്ന് കരുതുന്നു.