പക്ഷിപ്പനി വ്യാപകമാവുന്ന സാഹചര്യത്തില്‍ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം നാളെ ആലപ്പുഴയില്‍ എത്തിയേക്കും


ആലപ്പുഴ: പക്ഷിപ്പനി വ്യാപകമാവുന്ന സാഹചര്യത്തില്‍ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം നാളെ ആലപ്പുഴയില്‍ എത്തിയേക്കും.
ദില്ലി എയിംസിലെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലേയും വിദഗ്ദരാണ് പ്രതിരോധ നടപടികള്‍ വിലയിരുത്താന്‍ എത്തുന്നത്. താറാവുകള്‍ ഉള്‍പ്പെടെ രോഗബാധ സ്ഥിരീകരിച്ച വളര്‍ത്ത് പക്ഷികളെ കൊല്ലുന്ന നടപടികള്‍ കഴിഞ്ഞ ദിവസം മുതല്‍ ഹരിപ്പാട് കേന്ദ്രീകരിച്ച് തുടങ്ങിയിട്ടുണ്ട്.
പക്ഷിപ്പനി ആദ്യം സ്ഥിരീകരിച്ച വഴുതാനം പാടശേഖരത്തിന് ഒരു കിലോമീറ്റര്‍ പരിധിയിലുള്ള വീടുകളിലെ വളര്‍ത്ത് പക്ഷികളെ ഇന്നലെ കൊന്നിരുന്നു. പ്രദേശത്തെ ചിലര്‍ പക്ഷികളെ ഒളിപ്പിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ മേഖലകളില്‍ കൂടുതല്‍ പരിശോധന നടത്തും. പ്രദേശത്ത് നാളെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഹരിപ്പാട് മേഖലയില്‍ പക്ഷികളുടെ ഉപയോഗവും കച്ചവടവും കടത്തലും നിരോധിച്ച് ഉത്തരവിറങ്ങി. എടത്വ, തലവടി, തകഴി, തൃക്കുന്നപ്പുഴ, വീയപുരം, കുമാരപുരം, കരുവാറ്റ, ചെറുതന, ചെന്നിത്തല, ചിങ്ങോലി, ചേപ്പാട്, കാര്‍ത്തികപ്പള്ളി, പള്ളിപ്പാട്, ബുധനൂര്‍, ചെട്ടിക്കുളങ്ങര എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലുമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.