പ്രളയത്തിൽ മുങ്ങിയ പ്രദേശം സന്ദർശിക്കാനെത്തിയ ജെജെപി എംഎൽഎയുടെ മുഖത്തടിച്ച് സ്ത്രീ


ചണ്ഡീഗഡ്: ഹരിയാനയിൽ പ്രളയത്തിൽ മുങ്ങിയ പ്രദേശം സന്ദർശിക്കാനെത്തിയ ജെജെപി എംഎൽഎ ഇശ്വർ സിംഗിന്റെ മുഖത്തടിച്ച് സ്ത്രീ. ഗുല എന്ന പ്രദേശത്താണ് സംഭവം. ഘഗ്ഗർ നദി കരകവിഞ്ഞൊഴുകുന്നതിനാൽ പ്രദേശത്തുണ്ടായ വെള്ളപ്പൊക്കമാണ് പ്രകോപനത്തിന് കാരണമായത്. എന്തിനാണ് ഇപ്പോൾ വന്നത് എന്ന് ചോദിച്ച് സ്ത്രീ എംഎൽഎയുടെ മുഖത്ത് അടിക്കുകയായിരുന്നു.
പ്രദേശത്തെ ഒരു ബണ്ട് പൊട്ടിയതാണ് പ്രദേശത്ത് വെള്ളം കയാറാൻ കാരണമായത്. സ്ത്രീ എംഎൽഎയെ തല്ലുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഗ്രാമത്തിലെ വെള്ളപ്പൊക്കത്തിന്റെ അവസ്ഥ വിലയിരുത്താൻ പോയപ്പോൾ ആളുകൾ തന്നെ ഉപദ്രവിച്ചുവെന്നാണ് ജെജെപി എംഎൽഎ പ്രതികരിച്ചത്. ഹരിയാനയിൽ ബിജെപി നേതൃത്വം നൽകുന്ന സർക്കാരിൽ ജെജെപിയും ഭാഗമാണ്. താൻ വിചാരിച്ചാൽ ബണ്ട് പൊട്ടില്ലായിരുന്നുവെന്നാണ് സ്ത്രീ പറഞ്ഞത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ കനത്ത മഴയുണ്ടെന്നും പ്രകൃതിക്ഷോഭമാണെന്നും പറഞ്ഞിട്ടും കാര്യമുണ്ടായില്ല. എന്നാൽ, ഇതിന്റെ പേരിൽ സ്ത്രീക്കെതിരെ ഒരു നിയമ നടപടിയും ഉണ്ടാവില്ലെന്നും എംഎൽഎ വ്യക്തമാക്കി. സ്ത്രീ ചെയ്ത കാര്യത്തിന് ഒരു നടപടിയും എടുക്കാൻ ആഗ്രഹിക്കുന്നില്ല, അവരോട് ക്ഷമിച്ചുവെന്നും ഇശ്വർ സിംഗ് പറഞ്ഞു. അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്ത കനത്ത മഴയെത്തുടർന്ന് ഘഗ്ഗർ നദി കരകവിഞ്ഞൊഴുകുന്നത് പഞ്ചാബിലെയും ഹരിയാനയിലെയും നിരവധി ഗ്രാമങ്ങളെ ബാധിച്ചിട്ടുണ്ട്.
ദുരിതാശ്വാസ നടപടികൾ പുരോഗമിക്കുകയാണ്. ഉത്തരേന്ത്യയിൽ ഏഴ് സംസ്ഥാനങ്ങൾ അതിരൂക്ഷമായ പ്രളയക്കെടുതിയിലാണ്. ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ കരകവിഞ്ഞ് ഒഴുകിയതാണ് പ്രതിസന്ധിയായത്. ഇതോടെ ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, ദില്ലി, യുപി സംസ്ഥാനങ്ങൾ വലിയ ബുദ്ധിമുട്ടിലായി. യമുന നദിയിൽ ജലനിരപ്പ് ഉയർന്നതോടെ ദില്ലിയും കടുത്ത ആശങ്കയിലായിരുന്നു. ഋഷികേശിലെ എംയിസിൽ (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) വെള്ളം കയറിയതും പ്രതിസന്ധിയായി.