പട്ടിക്ക് തീറ്റ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ അതിക്രൂരമായ മര്‍ദ്ദനത്തിലൂടെ കൊലപ്പെടുത്തി

single-img
6 November 2022

പാലക്കാട്: പട്ടാമ്ബിക്കടുത്ത് കൊപ്പത്തെ ഹര്‍ഷാദിനെ കൊലപ്പെടുത്തിയത് അതിക്രൂരമായ മര്‍ദ്ദനത്തിലൂടെയെന്ന് പൊലീസ്.

നായയുടെ കഴുത്തിലെ ബെല്‍റ്റ് കൊണ്ടും മരക്കഷണം ഉപയോഗിച്ചും ഹര്‍ഷാദിനെ ഹക്കീം മര്‍ദ്ദിച്ചു. കൊല്ലപ്പെട്ട ഹര്‍ഷാദിന്റെ അമ്മാവന്റെ മകനാണ് ഹക്കീം. പട്ടിക്ക് തീറ്റ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഹര്‍ഷാദിനെ ഹക്കീം മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയത്. മര്‍ദ്ദനത്തെ തുടര്‍ന്ന് വാരിയെല്ലുകള്‍ തകര്‍ന്ന ഹര്‍ഷാദ്, ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്.

വെള്ളിയാഴ്ച രാവിലെയാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ഹര്‍ഷാദിനെ ഹക്കീം ആശുപത്രിയിലെത്തിയത്. പിന്നീട് ഹക്കീം ഇവിടെ നിന്ന് മുങ്ങി. ഉച്ചയോടെ ഹര്‍ഷാദിന്റെ മരണം സ്ഥിരീകരിച്ചു. വൈകീട്ട് ഹക്കീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ ഹര്‍ഷാദിന്റെ ശരീരത്തിലെ പരിക്കുകള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണത് കൊണ്ട് ഉണ്ടായതല്ലെന്ന് വ്യക്തമായി.

ഹര്‍ഷാദിന്റെ ശരീരത്തില്‍ 160 പാടുകളുണ്ടായിരുന്നു. എന്നാല്‍ ഹര്‍ഷാദിന് മുന്‍പും മര്‍ദ്ദനമേറ്റിരുന്നതായി പരിശോധനയില്‍ വ്യക്തമായി. ഹര്‍ഷാദിന്റെ ശരീരത്തിലെ മുറിപ്പാടുകള്‍ ഇത് ശരിവെക്കുന്നു. 21 വയസുകാരനായ ഹര്‍ഷാദ് വളരെ ശാന്തനായ സ്വഭാവക്കാരനായിരുന്നു. എന്നാല്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും ദേഷ്യം വരുന്ന പ്രകൃതക്കാരനായിരുന്നു ഹക്കീം. നിസാര കാര്യങ്ങള്‍ക്ക് ഹര്‍ഷാദിനെ ഹക്കീം മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

സ്വകാര്യ കമ്ബനിയുടെ കേബിളിടുന്ന ജോലിക്കാരായിരുന്നു ഇരുവരും. നാല് മാസം മുന്‍പാണ് ഇവര്‍ ഒരുമിച്ച്‌ താമസം തുടങ്ങിയത്. ഹര്‍ഷാദ് നേരത്തെ ഹോട്ടല്‍ ജീവനക്കാരനായിരുന്നു. ഹക്കീമാണ് ഹര്‍ഷാദിനെ നിര്‍ബന്ധിച്ച്‌ കേബിളിടുന്ന ജോലിയിലേക്ക് കൊണ്ടുവന്നത്. ഹര്‍ഷാദ് മരിച്ചെന്ന് അറിഞ്ഞയുടന്‍ ബന്ധുക്കള്‍ ഹക്കീമിനെതിരെ സംശയം ഉന്നയിച്ചു. ആശുപത്രി ജീവനക്കാരുടെ ഇടപെടലും നിര്‍ണായകമായി. ഹര്‍ഷാദിന്റെ ശരീരത്തിലെ പരിക്കുകള്‍ കെട്ടിടത്തില്‍ നിന്ന് വീണത് കൊണ്ട് ഉണ്ടായതല്ലെന്ന് തിരിച്ചറിഞ്ഞ ഉടന്‍ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നു.