മദ്യപിച്ച് അവശനായി റോഡിൽ കിടന്ന യുവാവിനെ മാറ്റിക്കിടത്തവെ വാഹനമിടിച്ചു, പൊലീസുദ്യോഗസ്ഥന് ദാരുണാന്ത്യം
കാൺപൂർ (യുപി): മദ്യപിച്ച് അവശനായി റോഡിൽ കിടന്ന യുവാവിനെ മാറ്റിക്കിടത്തവെ അമിത വേഗതയിൽ എത്തിയ ടെമ്പോ വാനിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ കാൺപൂർ ദേഹത് ജില്ലയിലെ അക്ബർപൂർ മേഖലയിലാണ് സംഭവം. 26 കാരനായ പൊലീസുകാരനാണ് ജീവൻ നഷ്ടമായത്. മൂന്ന് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. റോഡിൽ കിടന്ന മദ്യപനെ പോലീസുകാർ സഹായിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സബ് ഇൻസ്‌പെക്ടർ മഥുര പ്രസാദ്, ഹെഡ് കോൺസ്റ്റബിൾ അരവിന്ദ് കുമാർ, കോൺസ്റ്റബിൾമാരായ സൗരഭ് കുമാർ, വിവേക് കുമാർ എന്നിവരാണ് പട്രോളിങ് സംഘത്തിലുണ്ടായിരുന്നത്. പട്രോളിംഗിനിടെ മാധപൂർ പാലത്തിൽ മദ്യപൻ കിടക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇയാളെ മാറ്റിക്കിടത്താൻ ശ്രമിച്ചു. ഇതിനിടെ കോൺസ്റ്റബിൾ വിവേക് കുമാറിനെ അമിതവേഗതയിൽ വന്ന ലോഡർ-ടെമ്പോ അവനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം കോൺസ്റ്റബിളിന്റെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തതായി എഎസ്പി പാണ്ഡെ പിടിഐയോട് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. ഐപിസി സെക്ഷൻ 279, 337, 338 വകുപ്പുകൾ ചുമത്തി ടെമ്പോ ഡ്രൈവർക്കെതിരെ കേസെടുത്തു.