കുത്തിത്തിരുപ്പിൽ സുഖം തേടുന്നവർ; വയനാട് വ്യാജ വാർത്തയിൽ എഎ റഹീം


വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കേരളാ സർക്കാരിനെതിരെ വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി എഎ റഹീം എംപി.
കേന്ദ്രസർക്കാരിൽ നിന്നും സഹായം വാങ്ങിക്കണം എന്ന കാര്യത്തിലടക്കം രാഷ്ട്രീയത്തിനതീതമായി എല്ലാവർക്കും അഭിപ്രായമുള്ളപ്പോൾ ഈ പോസിറ്റീവ് ആയ സാഹചര്യം തീരെ ഇഷ്ടപ്പെടാത്ത ഒരു ചെറിയ വിഭാഗം മാധ്യമങ്ങൾ ഇവിടെ ഉണ്ടെന്നും ‘നല്ലവരായ ഉണ്ണികൾ’എന്നൊക്കെ സ്വയം പരസ്യത്തിൽ പറയുകയും കുത്തിത്തിരുപ്പിൽ ഒരു തരം പ്രത്യേക സുഖം ആസ്വദിക്കുകയും ചെയ്യുന്ന മാധ്യമങ്ങളുടെ ഈ പ്രവണത നല്ല നാടിനു ചേർന്നതല്ല എന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ പറഞ്ഞു .
എഎ റഹീം എംപിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണ്ണരൂപം ;
കുത്തിത്തിരുപ്പിൽ സുഖം തേടുന്നവർ..
കേരളം ഒറ്റമനസ്സോടെയാണ് വയനാട് ദുരന്തത്തെ നേരിട്ടത്.ദുരന്ത ഘട്ടത്തിലുണ്ടായ നമ്മുടെ ഒരുമ ലോകത്തിന് തന്നെ മാതൃകയാണ്.പരമാവധി സഹായം കേന്ദ്രത്തിൽ നിന്നും വാങ്ങിക്കണം എന്ന കാര്യത്തിലും രാഷ്ട്രീയത്തിനതീതമായി എല്ലാവർക്കും ഒറ്റ അഭിപ്രായമാണ്.
എന്നാൽ ഈ പോസിറ്റീവ് ആയ സാഹചര്യം തീരെ ഇഷ്ടപ്പെടാത്ത ഒരു ചെറിയ വിഭാഗം ഇവിടുണ്ട്.അത് ഒരു വിഭാഗം മാധ്യമങ്ങളാണ്.ഇന്നലെ ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് തുടങ്ങി വയ്ക്കുകയും മറ്റു ചില മാധ്യമങ്ങൾ വസ്തുതകൾക്ക് കാത്ത് നിൽക്കാതെ ഏറ്റുപിടിയ്ക്കുകയും ചെയ്ത തെറ്റിദ്ധാരണ പരത്തുന്ന വാർത്ത അങ്ങേയറ്റം വൃത്തികേടാണ്.
മാതൃഭൂമി ചെയ്തതാണ് ബഹുരസം.അവർ തന്നെ ഫേക്ട് ചെക്ക് ചെയ്ത് ഏഷ്യാനെറ്റ് കൊണ്ടുവന്ന വാർത്ത തെറ്റെന്നു തെളിവുകൾ പുറത്തു വിട്ടു.മാതൃഭൂമി ഓൺ ലൈനാണ് ഫാക്ട് ചെക്കിങ് നടത്തി വാർത്തയെ പൊളിച്ചത്. എന്നിട്ടും മാതൃഭൂമി ചാനൽ രാത്രിചർച്ചയ്ക്ക് ഈ വ്യാജ വാർത്ത തന്നെ എടുത്തു.എന്തൊരു ഗതികേടാണിത്.വിവാദങ്ങൾ ഉണ്ടാക്കുക മാത്രമാണ് മാധ്യമ പ്രവർത്തനം എന്ന് കരുതരുത്.അല്ലെങ്കിൽ വിവാദം മാത്രമാണ് മലയാളികൾക്ക് ഇഷ്ടം എന്നും നിങ്ങൾ കരുതരുത്. നാടിനു നല്ലത് വരാൻ ഇടപെടുന്നതും മാധ്യമങ്ങളുടെ ഉത്തരവാദിത്വമാണ്.
‘നല്ലവരായ ഉണ്ണികൾ’എന്നൊക്കെ സ്വയം പരസ്യത്തിൽ പറയുകയും കുത്തിത്തിരുപ്പിൽ ഒരു തരം പ്രത്യേക സുഖം ആസ്വദിക്കുകയും ചെയ്യുന്ന മാധ്യമങ്ങളുടെ ഈ പ്രവണത നല്ല നാടിനു ചേർന്നതല്ല.