തന്നെ കാണാൻ വരുന്നവർക്ക് ആധാർ കാർഡ് നിർബന്ധം; കങ്കണയുടെ പ്രസ്താവനയ്‌ക്കെതിരെ കോൺ​ഗ്രസ്

single-img
12 July 2024

തന്നെ സന്ദർശിക്കാൻ വരുന്നവർക്ക് ആധാർ കാർഡ് നിർബന്ധമെന്ന ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ കോൺഗ്രസ് പ്രതിഷേധം. കങ്കണ മത്സരിച്ച മണ്ഡിയിൽ കങ്കണയോട് പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർത്ഥി വിക്രമാദിത്യ സിങ്, തന്നെ കാണാൻ വരുന്നവർക്ക് ആധാർ വേണ്ടന്ന് പറഞ്ഞുകൊണ്ട് കങ്കണയ്ക് മറുപടി നൽകി.

നാമെല്ലാം ജനപ്രതിനിധികളാണ്. അതിനാൽ തന്നെ ചെറിയ കാര്യമോ വലിയ കാര്യമോ ആകട്ടെ, എല്ലാ മേഖലയിലെയും ആളുകളുമായി നമ്മൾ ഇടപഴകേണ്ടതുണ്ട്. നമ്മുടെ സമീപത്തേക്ക് ആരെങ്കിലും വരുന്നുണ്ടെങ്കിൽ എന്തെങ്കിലും ആവശ്യവുമായിട്ടായിരിക്കും വരിക. അവരോട് ഇങ്ങനെയാണോ പറയേണ്ടതെന്നും വിക്രമാദിത്യ സിങ് ചോദിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം മണ്ഡിയിലെ തന്റെ ഓഫീസിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു കങ്കണയുടെ വിവാദ പരാമർശം. മാണ്ഡി എന്നത് ധാരാളം ടൂറിസ്റ്റുകളെ ആകർഷിക്കുന്ന സ്ഥലമാണ്. ടൂറിസ്റ്റുകളും അല്ലാത്തവരുമായി ഒരുപാട് പേർ തന്നെ കാണാനായി വരുന്നു.അതുകൊണ്ട് ഇനി വരുന്നവർ അവരുടെ ആധാർ കാർഡ് കൂടെ കൊണ്ടുവരണമെന്നും ആവശ്യം എന്തെന്ന് വെള്ളപേപ്പറിൽ എഴുതിക്കൊണ്ടുവരണമെന്നും കങ്കണ പറഞ്ഞു.