കുഴൽപ്പണ കേസിലെ വെളിപ്പെടുത്തല്‍; കേരളത്തിൽ ബിജെപിയെ തിരഞ്ഞെടുപ്പുകളിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി
കൊടകര കുഴൽപ്പണ കേസിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കേരളത്തിൽ ബിജെപിയെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സംസ്ഥാന സെക്രട്ടറി പി.പി.ജയദേവ് ആണ് പരാതി നല്‍കിയത്.
രാജ്യവിരുദ്ധ പ്രവർത്തനങ്ങളും ഭീകരവാദ സാമ്പത്തികവുമാണ് കുഴൽപ്പണ ഇടപാടുകൾ. ഇത് ദേശീയ സുരക്ഷയ്ക്കും ജനാധിപത്യത്തിനും വെല്ലുവിളിയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഹവാല പണം ഉപയോഗിച്ചെന്നാണ് കേസിലെ അന്തിമ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തണം, ബിജെപിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കണം, കള്ളപ്പണം തിരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കപ്പെടുന്നതിന് തടയാന്‍ ശക്തമായ ചട്ടങ്ങൾ കമ്മിഷന്‍ കൊണ്ടുവരണം എന്നീ ആവശ്യങ്ങളാണ് പരാതിയില്‍ ഉന്നയിച്ചത്.