ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് മുന്നില്‍ ആരതി നടത്തി ; എൻസിപി വനിതാ നേതാവിനെതിരെ കേസ്
ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ട വോട്ടെടുപ്പിനിടെ മഹാരാഷ്ട്രയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ ആരതി നടത്തിയ വനിതാ നേതാവിനെതിരെ കേസ്.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് എൻസിപി നേതാവും മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുമായ രൂപാലി ചകങ്കറിനെതിരെയാണ് കേസെടുത്തത് .
സംസ്ഥാനത്തെ ബാരാമതി ലോക്‌സഭാ മണ്ഡലത്തിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയപ്പോഴായിരുന്നു രൂപാലി ചക്കങ്കർ ഇവിഎമ്മിന് മുന്നിൽ ആരതി നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
എക്‌സിലൂടെ ചിത്രങ്ങളിൽ ടാഗ് ചെയ്ത് രൂപാലിക്കെതിരെ നടപടിയെടുക്കണമെന്ന് നിരവധി പേർ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് രൂപാലി ചക്കങ്കറിനെതിരെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേസെടുത്തത്.
രൂപാലിക്കെതിരെ കേസെടുത്തതായി പൂനെ സിറ്റി പോലീസ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ എഎൻഐയോട് സ്ഥിരീകരിച്ചു. സിംഹഗഡ് പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്നാണ് റിപ്പോർട്ട്.