വിഴിഞ്ഞം പദ്ധതി അദാനി ഉപേക്ഷിച്ചാൽ സർക്കാരിന്റെ നഷ്ട്ടം വെറും 300 കോടി രൂപ; അദാനിക്ക് 3000 കോടിയിലധികവും


7525 കോടി രൂപയുടെ പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ഇതുവരെ സർക്കാരിന് ചെലവായത് വെറും 300 കോടി രൂപ എന്ന് കണക്കുകൾ. ഇതിൽ 100 കോടി രൂപ പുനരധിവാസത്തിനും, 200 കോടി രൂപ ഭൂമിയേറ്റെടുക്കലിനും ആണ് സർക്കാർ ചിലവാക്കിയിട്ടുള്ളത്.
തുറമുഖ നിർമ്മാണം പുരോഗമിക്കുന്ന മുറക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഗ്രാൻഡ് ഉൾപ്പടെയുള്ള തുക നൽകണം എന്നാണു കരാറിലെ വ്യവസ്ഥ. എന്നാൽ ഓഖിയും, കൊറോണയും കാരണം നിർമ്മാണം വൈകിയതുകൊണ്ടാണ് ബാക്കി തുക ഇതുവരെയും സർക്കാർ നൽകാത്തത്. ഇതിനായി പല തവണ അദാനി ഗ്രൂപ് സർക്കാരിനെ സമീപിച്ചു എങ്കിലും കരാർ പ്രകാരമുള്ള നിർമ്മാണ പുരോഗതി ഉണ്ടാകാത്തതിനാൽ സർക്കാർ പണം നൽകിയിട്ടില്ല എന്നാണു വിവരം.
കേരള സർക്കാർ ആഗസ്റ്റ് 2015ലായിരുന്നു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനപ്രവർത്തനങ്ങൾക്കുവേണ്ടി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായി 40 വർഷത്തേക്കുള്ള കിഴിവ് കരാർ ഒപ്പിട്ടത്. കരാറിന്റെ നടപ്പിലാക്കലിനു വേണ്ടി കേരള സർക്കാർ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്എ ന്ന പേരിൽ നൂറു ശതമാനം സർക്കാർ അധീനതയിലുള്ള സ്പെഷൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ചു.
പദ്ധതിയുടെ മേൽനോട്ടത്തിനും അവസരോചിതമായ ഇടപെടലുകൾക്കും കേരളസർക്കാർ ഒരു പ്രൊജക്റ്റ് ഇംപ്ലിമെന്റേഷൻ കമ്മിറ്റിയും ചീഫ് സെക്രട്ടറി നേതൃത്വം നൽകുന്ന ഒരു എംപവേർഡ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. 2014 ഡിസംബറിൽ ധനകാര്യമന്ത്രാലയം ഈ പദ്ധതിക്ക് തത്ത്വാധിഷ്ടിത അനുമതി നല്കി. കേരളസർക്കാർ 2019 ജൂലൈയിൽ അന്തിമ അനുമതിക്ക് വേണ്ടിയുള്ള രേഖകൾ സമർപ്പിച്ചു.
അതേസമയം, വിഴിഞ്ഞത്ത് തുറമുഖം വരുന്നത് ചൈനയും ശ്രീലങ്കയുമടക്കം ചില വിദേശ രാജ്യങ്ങളുടെ താൽപര്യങ്ങൾക്ക് എതിരാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകളുണ്ടായിരുന്നു. തുറമുഖ വിരുദ്ധസമരസമിതിയിലെ നേതാവായ എ ജെ വിജയന്റെയും ഭാര്യ ഏലിയാമ്മ വിജയന്റെയും അക്കൗണ്ട് നിലവിൽ പരിശോധിച്ചുവരികയാണ്. ഇതിൽ ഒരു അക്കൗണ്ടിലേക്ക് വിദേശത്തുനിന്ന് എത്തിയതായി കണ്ടെത്തിയ 11 കോടി രൂപയുടെ വിനിമയം സംബന്ധിച്ചാണ് പ്രധാനമായും പരിശോധന. ഇത് പദ്ധതി അട്ടിമറിക്കാനായി വിനിയോഗിച്ചു എന്നാണ് ആരോപണം.