മുസ്ലിങ്ങൾക്കിടയിൽ തീവ്രവാദ ചിന്ത വളർത്തുന്നതിൽ മഅ്ദനിയുടെ പ്രഭാഷണ പര്യടനം പങ്കുവഹിച്ചു: പി ജയരാജൻ
സംസ്ഥാനത്തെ മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ തീവ്രവാദ ചിന്ത വളർത്തുന്നതിൽ അബ്ദുൽ നാസർ മഅ്ദനിയുടെ പ്രസംഗങ്ങൾ പങ്കുവഹിച്ചിരുന്നുവെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. ബാബരി മസ്ജിദ് രാജ്യത്ത് തകർത്ത ശേഷം മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ അബ്ദുൽ നാസർ മഅ്ദനിയുടെ നേതൃത്വത്തിൽ കേരളത്തിൽ വ്യാപകമായി നടത്തിയ പ്രഭാഷണ പര്യടനം തീവ്രവാദ ചിന്ത വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
മഅ്ദനി തന്റെ അതിവൈകാരികമായ പ്രസംഗങ്ങളിലൂടെ ജനങ്ങൾക്കിടയിലേക്ക് തീവ്രചിന്താഗതികൾ വളർത്താൻ ശ്രമിച്ചതായും ഇതിലൂടെ ധാരാളം യുവാക്കൾ തീവ്രവാദ പ്രവർത്തനത്തിലേക്ക് ആകർഷിക്കപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണെന്നും പി ജയരാജൻ പറയുന്നു . സംസ്ഥാനത്തെ മുസ്ലിം രാഷ്ട്രീയത്തിന്റെ ഗതിവികാസങ്ങളെക്കുറിച്ച് പി ജയരാജൻ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിലാണ് പി ജയരാജൻ ഈ വിവരങ്ങൾ വിശദീകരിച്ചിരിക്കുന്നത്.
‘ മഅ്ദനി സ്വകാര്യ സായുധ സുരക്ഷാ ഭടൻമാർക്കൊപ്പം സംസ്ഥാനമാകെ നടത്തിയ പര്യടനം മുസ്ലിം യുവാക്കൾക്കിടയിൽ ആർഎസ്എസിനെ പ്രതിരോധിക്കാനുള്ള വഴികൾ ആരായുന്നതിലേക്ക് നയിച്ചു. 1990-ൽ മഅ്ദനിയുടെ നേതൃത്വത്തിൽ ആർഎസ്എസിനെ അനുകരിച്ച് ഇസ്ലാമിക് സേവക് സംഘം(ഐഎസ്എസ്) രൂപീകരിച്ചു. ഐഎസ്എസ് നേതൃത്വത്തിൽ മുസ്ലിം യുവാക്കൾക്ക് ആയുധ ശേഖരവും ആയുധപരിശീലനവും നൽകി’, പി ജയരാജൻ പറയുന്നു.
പക്ഷെ പിന്നീട് കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ പ്രതി ചേർക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തതിന് ശേഷം മഅ്ദനിയുടെ നിലപാടിൽ ചില മാറ്റങ്ങൾ വന്നെന്നും പി ജയരാജൻ കൂട്ടിച്ചേർത്തു. ഐഎസ്എസ് എന്ന സംഘടനയുടെ നേതൃത്വത്തിൽ നടന്ന പ്രഭാഷണ പരമ്പരയുടെ കാലത്ത് അദ്ദേഹത്തിനെതിരെ മുസ്ലിം സമുദായത്തിനകത്ത് നിന്ന് തന്നെ വിമർശനങ്ങൾ ഉയർന്നുവന്നപ്പോൾ മഅ്ദനി ആ സംഘടന പിരിച്ചുവിടുകയും തുടർന്ന് കൂടുതൽ വിപുലമായ പ്രവർത്തന സാധ്യതകളുള്ള പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) രൂപികരിക്കുകയായിരുന്നുവെന്നും പി ജയരാജൻ എഴുതുന്നു .
നാളെ കോഴിക്കോട് വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം നിർവഹിക്കാൻ പോകുന്ന പുസ്തകത്തിലാണ് ഈ കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ ജയിൽമോചിതനായ ശേഷം അബ്ദുൽ നാസർ മഅ്ദനിയുടെ പിന്തുണ എൽഡിഎഫിനുണ്ടായിരുന്നു.