സിപിഎമ്മുകാർ പോലും ശ്രീരാമനെ മനസ്സിൽ ധ്യാനിച്ച് താമരയ്ക്ക് വോട്ട് ചെയ്യുമെന്ന് അബ്ദുള്ളക്കുട്ടി; പരാതി നൽകി എൽഡിഎഫ്
തൃശൂരിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് ആരോപണവുമായി ഇടതുമുന്നണി . ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി ശ്രീരാമന്റെ പേരുയർത്തി വോട്ട് അഭ്യർത്ഥിച്ചു എന്നാണ് ആരോപണം. എൻഡിഎ ഇരിങ്ങാലക്കുട നിയോജകമണ്ഡലം കൺവെൻഷനിൽ ആയിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.
സിപിഎമ്മുകാർ പോലും ശ്രീരാമനെ മനസ്സിൽ ധ്യാനിച്ച് താമരയ്ക്ക് വോട്ട് ചെയ്യുമെന്നായിരുന്നു അബ്ദുള്ള കുട്ടിയുടെ പ്രതികരണം. ‘സിപിഐഎമ്മിന് പ്രകടനത്തിൽ പങ്കെടുക്കുന്നവർ പോലും വോട്ട് ചെയ്യില്ല. അവർ രഹസ്യമായി വന്ന് ശ്രീരാമനെ മനസ്സിൽ ധ്യാനിച്ച് താമരയ്ക്ക് വോട്ട് ചെയ്യും. മിക്കവാറും സഖാക്കളുടെ വീട്ടിൽ സന്ധ്യയ്ക്ക് വിളക്കുകൊളുത്തി രാമ രാമ ചൊല്ലുന്നത് കുഞ്ഞുകാതുകൊണ്ട് താൻ കേട്ടിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും വി ഡി സതീശനും ശ്രീരാമനെ അപമാനിച്ചതൊന്നും ഈ നാട്ടിലെ സാധാരണ വിശ്വാസികൾക്ക് സഹിച്ചിട്ടില്ല. അവർ പൊറുക്കില്ല. തെരഞ്ഞെടുപ്പ് വരട്ടെ നമുക്ക് കാണാം. ജനങ്ങളുടെ മനസ്സിൽ വലിയ വികാരം നുരഞ്ഞു പൊന്തുന്നുണ്ട്. ആ വികാരങ്ങളിൽ ഇവർ ജനങ്ങളിൽ നിന്ന് പൂർണ്ണമായും ഒറ്റപ്പെടും’- ഇതായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.