ഞാനില്ലെങ്കിൽ നിക്കാഹിന് എന്തർഥം ; മഹല്ല് കമ്മിറ്റിയോട് മണവാട്ടി


നിക്കാഹിന് മണവാട്ടിയെ പങ്കെടുക്കാൻ അനുവദിച്ച സെക്രട്ടറി ഖേദംപ്രകടിപ്പിക്കണമെന്ന് ഉത്തരവിറക്കിയ മഹല്ല് കമ്മിറ്റിക്കെതിരെ മണവാട്ടി ബഹിജ. ‘ബാപ്പയ്ക്കും വരനെുമൊപ്പം എന്റെ നിക്കാഹിൽ പങ്കെടുത്തതാണ് ജീവിതത്തിലെ വലിയ സൗഭാഗ്യം. നിർണായക മുഹൂർത്തത്തിൽ എന്റെ സാന്നിധ്യം വിലക്കുന്നതിൽ എന്ത് ന്യായമാണുള്ളത് എന്നുമാണ് മണവാട്ടി ചോദിക്കുന്നത്.
കഴിഞ്ഞ ആഴ്ച പേരാമ്പ്ര പാലേരി പാറക്കടവ് ജുമാഅത്ത് പള്ളിയിൽ നടന്ന നിക്കാഹ് ചടങ്ങാണ് യാഥാസ്ഥിതികവാദികളെ ചൊടിപ്പിച്ചത്. പെൺകുട്ടി നിക്കാഹിൽ പങ്കെടുത്തത് തെറ്റാണ് എന്നും, ഇതുനു അനുവദിച്ച സെക്രട്ടറി ഖേദപ്രകടനം നടത്തണമെന്നുമാണ് മഹല്ല് കമ്മിറ്റി ഉത്തരവിറക്കിയത്. കൂടാതെ ഈ വലിയ തെറ്റ് ഇനി ആവർത്തിക്കരുതെന്നും താക്കീതും ചെയ്തു. മാത്രമല്ല വധുവിന്റെ കുടുംബത്തെ നേരിൽ കണ്ട് വിശ്വാസകാര്യങ്ങളിൽ വീഴ്ചവരുത്തിയ കാര്യം ബോധ്യപ്പെടുത്താനും പള്ളികമ്മറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്.
സിവിൽ എൻജിനിയറായ വടക്കുമ്പാട്ടെ ഫഹദ് കാസിമുമായിട്ടായിരുന്നു എംഎസ്ഡബ്ല്യു ബിരുദധാരിയായ ബഹിജയുടെ വിവാഹം. വിവാഹത്തിന് സ്വർണം വേണ്ടെന്നും സ്വന്തം നിക്കാഹിൽ തനിക്ക് പങ്കെടുക്കണമെന്നും പെൺകുട്ടി വീട്ടുകാരോട് ആഗ്രഹം അറിയിച്ചിരുന്നു. തുടർന്ന് സെക്രട്ടറി മതപണ്ഡിതനുമായി കൂടിയാലോചിച്ചാണ് അനുമതിനൽകിയത്. ജുമാ നമസ്കാരത്തിനും മറ്റും സ്ത്രീകൾക്ക് പ്രവേശനമുള്ള പള്ളിയാണിത്.