അഭിമന്യുവിന്റെ കൊലപാതകം; വിചാരണക്ക് മുന്നോടിയായുള്ള പ്രാരംഭവാദത്തിന് ഇന്ന് തുടക്കം
എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ് എഫ് ഐ നേതാവുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പ്രാരംഭവാദം ഇന്ന് ആരംഭിക്കും. പോപ്പുലര്‍ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതികളായ നാല് കേസുകളാണ് അഭിമന്യു വധവുമായി ബന്ധപ്പെട്ടുള്ളത്. എല്ലാ കേസുകളും ഒരുമിച്ച് വിചാരണ നടത്താനാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ തീരുമാനം.
കേസിന്റെ വിചാരണക്ക് മുന്നോടിയായുള്ള പ്രാരംഭവാദത്തിനാണ് ഇന്ന് തുടക്കം കുറിക്കുക . ആകെ 16 പ്രതികളാണ് 4 കേസ്സുകളിലുമായി ഉള്ളത്. 2018 ജൂലൈ രണ്ടിനായിരുന്നു അഭിമന്യു കൊല്ലപ്പെട്ടത്. കേസിലെ എല്ലാ പ്രതികളും ഇതിനകം അറസ്റ്റിലായി .
2018 സെപ്തംബര്‍ 26 ന് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ പല കാരണങ്ങളാല്‍ വൈകുകയായിരുന്നു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരാകുന്നത്. പ്രതിഭാഗത്തിന്റെ അഭ്യർഥനപ്രകാരം വിചാരണ പലതവണ മാറ്റിവച്ചിരുന്നു.
വിചാരണ കഴിഞ്ഞവർഷം അവസാനം ആരംഭിക്കാനിരിക്കെ കുറ്റപത്രമടക്കമുള്ള പ്രധാന രേഖകൾ വിചാരണക്കോടതിയിൽനിന്ന് നഷ്ടപ്പെട്ടിരുന്നു. പിന്നാലെ ഹൈക്കോടതി നിർദേശപ്രകാരം, പ്രോസിക്യൂഷന്റെ നേതൃത്വത്തിൽ പുനർസൃഷ്ടിച്ച രേഖകൾ കോടതിയിൽ സമർപ്പിക്കുകയായിരുന്നു കേൾക്കുന്നത്.