എസ് എഫ് ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി കേസിൽ രണ്ടാം പ്രതിയായ അബിൻ സി രാജ് പിടിയിൽ

single-img
27 June 2023

കൊച്ചി: എസ് എഫ് ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി കേസിൽ രണ്ടാം പ്രതിയായ അബിൻ സി രാജ് പിടിയിൽ. നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയതിന് പിന്നാലെയാണ് അബിൻ സി രാജിനെ കസ്റ്റഡിയിൽ എടുത്തത്. നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയത് അബിനായിരുന്നു. എസ് എഫ് ഐ മുൻ ഏരിയ പ്രസിഡൻ്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണ് അബിൻ.

അബിനാണ് വ്യാജ ഡിഗ്രി ഉണ്ടാക്കാൻ സഹായിച്ചതെന്ന് നിഖിൽ തോമസ് മൊഴി നൽകിയിരുന്നു. ഇതോടെ മാലിദ്വീപിൽ ജോലി ചെയ്യുകയായിരുന്ന അബിനെ കേരള പൊലീസ് സമ്മർദ്ദം ചെലുത്തി  നാട്ടിലെത്തിക്കുകയായിരുന്നു. കുടുംബം ഇടപെട്ട് അബിനെ നാട്ടിലെത്തിക്കാമെന്ന് പൊലീസിനെ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിക്കാണ് അബിൻ മാലിദ്വീപിൽ നിന്ന് വിമാനം കയറിയത്.  ചെന്നൈയിൽ ഇറങ്ങിയ ശേഷം കൊച്ചിയിലക്ക് വരികയായിരുന്നു.

മുന്‍ എസ് എഫ്‌ ഐ നേതാവായ അബിന്‍ സി രാജ് കൊച്ചിയിലെ ഒറിയോണ്‍ ഏജന്‍സി വഴി രണ്ടു ലക്ഷം രൂപയ്ക്ക് തനിക്ക് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയെന്നാണ് നിഖിലിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അബിനെ കേസിൽ രണ്ടാം പ്രതിയാക്കിയത്. വ്യാജരേഖ ചമച്ച കൊച്ചിയിലെ സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ ഓറിയോണ്‍ ഏജന്‍സിയിലടക്കം പൊലീസ് തെളിവെടുപ്പ് നടത്തും.

അതേസമയം നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തിങ്കളാഴ്ച കണ്ടെടുത്തിരുന്നു. നിഖിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിയിട്ടുണ്ട്. കേസിലെ നിർണായക രേഖകളാണ് പൊലീസ് തിങ്കളാഴ്ച കണ്ടെടുത്തത്. പ്രതിക്ക് പെട്ടെന്ന് ഒളിവിൽ പോകേണ്ടി വന്നതിനാൽ ഇത് ഒളിപ്പിക്കാനായില്ലെന്നാണ് കരുതുന്നത്. സി പി എം ജില്ലാ കമ്മിറ്റി ഡിഗ്രി ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ തുല്യതാ സർട്ടിഫിക്കറ്റ് മാത്രമാണ് നിഖിൽ കൊടുത്തത്. യഥാർഥ  സർട്ടിഫിക്കറ്റ് സർവകലാശാലയുടെ പക്കലാണെന്നായിരുന്നു നിഖിൽ പറഞ്ഞിരുന്നത്.