എല്ലാത്തിനും മുകളില്‍ ഈശ്വരന്റെ തീരുമാനമുണ്ട്: സുരേഷ് ഗോപി
തൃശൂരിൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് ശേഷം തനിക്ക് ആത്മവിശ്വാസം ഇരട്ടിയായെന്ന് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ജനങ്ങള്‍ സമ്മാനിച്ച സമ്മതിദാനം പെട്ടിയിലുണ്ടെന്നും ജൂണ്‍ നാല് വരെ കാത്തിരിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരില്‍ ഇന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരേഷ് ഗോപിയുടെ വാക്കുകൾ : ‘ക്രോസ് വോട്ടിംഗ് ആരോപണം വ്യാകുലപ്പെടുത്തുന്നില്ല. ക്രോസ് വോട്ടിനെ സംബന്ധിച്ച് ജനങ്ങള്‍ക്ക് ബോധമുണ്ട്. എതിര്‍ സ്ഥാനാര്‍ത്ഥികളെ കുറിച്ച് ചിന്തിച്ചിട്ടല്ല, ഞാന്‍ മത്സരിക്കാനിറങ്ങിയത്. എംപി ആകാനാണ് ഞാന്‍ മത്സരിക്കുന്നത്. രാഷ്ട്രീയത്തില്‍ നിന്നല്ല, എന്റെ തൊഴിലില്‍ നിന്നാണ് എന്റെ സമ്പാദ്യം. വോട്ടെടുപ്പ് കഴിഞ്ഞല്ലോ, എന്തായാലും തുറന്നുപറയുകയാണ്. കേരളത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ആളായിരിക്കും ഞാന്‍’
‘ശവക്കല്ലറയില്‍ നിന്ന് ആരും വന്ന് വോട്ട് ചെയ്തിട്ടില്ലല്ലോ. അതാണ് അവരുടെ പാരമ്പര്യം. വര്‍ഷങ്ങളായി അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. കളക്ടറോട് പോയി ലിസ്റ്റ് ചോദിക്കണം. വോട്ടിലുള്ളവര്‍ വോട്ട് ചെയ്‌തേ പറ്റൂ. അതാണ് ജനാധിപത്യം. രണ്ട് വോട്ട് ചെയ്തത് ആരായാലും ഏത് പാര്‍ട്ടിയായാലും തൂക്കി കൊല്ലാന്‍ വിധിക്കൂ.
അവര്‍ക്ക് ഡബിള്‍ വോട്ട് ഇല്ലല്ലോ. വോട്ട് ചെയ്യാതിരിക്കുന്ന ഒരു സമൂഹം ഉണ്ടായിരുന്നു. അവരുടെ വീടുകളില്‍ പോയി കണ്ടു. അവരെ കൊണ്ട് വോട്ട് ചെയ്യിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തു, അദ്ദേഹം വ്യക്തമാക്കി. 18 വയസ് കഴിഞ്ഞ പുതിയ വോട്ടര്‍മാരെ തെരഞ്ഞ് പിടിച്ച് വോട്ടേഴ്‌സ് ലിസ്റ്റില്‍ കൊണ്ടുവന്നു. ഒരു സ്ഥാനാര്‍ത്ഥി എന്തൊക്കെയാണ് ചെയ്യേണ്ടത് അതൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ സമ്പ്രദായത്തിന്റെ ഭാഗമായ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വന്നവര്‍ക്ക് എന്ത് സൗകര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരുന്നത്.
വോട്ടേഴ്‌സിന് ആവശ്യമായ വെള്ളം പോലും നല്‍കിരുന്നില്ല. വയസായ ആള്‍ക്കാര്‍ എത്ര നേരം ക്യൂവില്‍ നിന്നു. ഞാന്‍ തികഞ്ഞ ഈശ്വരവിശ്വാസിയാണ്. എല്ലാത്തിനും മുകളില്‍ ഈശ്വരന്റെ തീരുമാനമുണ്ട്. ജയിച്ചാല്‍ തൃശൂരില്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ മാത്രമാണ് ഇതുവരെ ചര്‍ച്ച ചെയ്തത്’, സുരേഷ് ഗോപി പറഞ്ഞു.