രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ രാജ്യദ്രോഹിയായ ഗോഡ്‌സെ; ഗോഡ്‌സെയുടെ ചിത്രം കത്തിച്ച് പ്രതിഷേധവുമായി എബിവിപി
കാലിക്കറ്റ് എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ ഗോഡ്‌സെയെ പിന്തുണച്ച് ഫേസ്ബുക്കില്‍ കമന്റ് ചെയ്തതിന് പിന്നാലെ പ്രൊഫസർക്കെതിരെ എന്‍ഐടിക്ക് മുന്നില്‍ ഗോഡ്‌സെയുടെ ചിത്രം കത്തിച്ച് എബിവിപി പ്രവര്‍ത്തകരുടെ പ്രതിഷേധം. രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ രാജ്യദ്രോഹിയായ ഗോഡ്‌സെയെയാണ് പ്രൊഫസര്‍ പിന്തുണച്ചതെന്ന് എബിവിപി പറയുന്നു.
ആര്‍എസ്എസിന്റെ ശാഖകള്‍ സന്ദര്‍ശിച്ചയാളാണ് ഗാന്ധി. ഗാന്ധി വധവുമായി ആര്‍എസ്എസിന് ബന്ധമില്ല. യുജിസിക്കും എന്‍ഐടി ഡയറക്ടര്‍ക്കും പ്രൊഫസര്‍ക്കെതിരെ പരാതി നല്‍കിയെന്നും എബിവിപി ദേശീയ നിര്‍വാഹക സമിതി അംഗം യദു കൃഷ്ണ പറഞ്ഞു.
‘ഹിന്ദു മഹാസഭ പ്രവര്‍ത്തകനായ നാഥുറാം വിനായക് ഗോഡ്‌സെ ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ’ എന്ന കുറിപ്പോടെ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ കൃഷ്ണരാജ് എന്ന പ്രൊഫൈലില്‍ നിന്നും പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് ഷൈജ ആണ്ടവന്‍ കമന്റ് ചെയ്തത്. സംഭവം വിവാദമായതോടെ ഇവര്‍ കമന്റ് ഡിലീറ്റ് ചെയ്തു. പ്രൊഫസർക്കെതിരെ കെഎസ് യു, എസ് എഫ് ഐ , ഡി വൈ എഫ് ഐ സംഘടനകൾ പ്രതിഷേധിച്ചിരുന്നു.