പാക്കിസ്ഥാനിൽ നിന്നും ഏഷ്യാ കപ്പ് വേദി മാറ്റി എസിസി ; ശ്രീലങ്കക്ക് സാധ്യത
ഈ വർഷം നടക്കാനിരുന്ന ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റിന്റെ വേദി പാക്കിസ്ഥാനിൽ നിന്നു മാറ്റി ഐ സിസിയുടെ തീരുമാനം . ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിലും ബാക്കി മത്സരങ്ങൾ പാക്കിസ്ഥാനിലും നടത്താമെന്ന പാക്ക് ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) നിർദേശം തള്ളിയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (എസിസി) തീരുമാനം.
എസിസിയുടെ ചെയർമാൻ കൂടിയായ ബിസിസിഐ സെക്രട്ടറി ജയ് ഷാ വിളിച്ചു ചേർക്കുന്ന എക്സിക്യുട്ടീവ് യോഗത്തിനു ശേഷമാകും ഈ കാര്യത്തിൽ അന്തിമ തീരുമാനം. ഈ വര്ഷം സെപ്റ്റംബറിൽ നിശ്ചയിച്ചിരിക്കുന്ന ടൂർണമെന്റ് ശ്രീലങ്കയിൽ നടത്താനാണ് സാധ്യത കൂടുതൽ.
അതേസമയം, തീരുമാനത്തിൽ പാക്കിസ്ഥാൻ പ്രതികരിച്ചിട്ടില്ല. ആതിഥേയത്വത്തിൽ നിന്നു തങ്ങളെ മാറ്റിയാൽ ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന് പിസിബി ചെയർമാൻ നജാം സേത്തി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. പാക്കിസ്ഥാനിലേക്ക് എന്തുവന്നാലും ടീമിനെ അയയ്ക്കില്ല എന്ന ഇന്ത്യയുടെ നിലപാടിനെത്തുടർന്നാണ് ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിൽ നടത്താമെന്ന നിർദേശം പിസിബി മുന്നോട്ടു വച്ചത്.
എന്നാൽ ഈ തീരുമാനത്തിന് മറ്റു രാജ്യങ്ങളുടെ ക്രിക്കറ്റ് ബോർഡുകളുടെ പിന്തുണ കിട്ടിയില്ല. ഇതോടെയാണ് ടൂർണമെന്റ് പാക്കിസ്ഥാനിൽ നിന്നു മാറ്റാൻ എസിസി തീരുമാനമെടുത്തത്.