ബൈക്ക് റേസിനിടെ അപകടം;ട്രാക്കില്‍ ബാലന്‍സ് നഷ്ടമായി വീണ റൈഡർ കഴുത്തിനും നെഞ്ചിനും പരുക്കേറ്റു മരിച്ചു
ഗോവയിലെ മപൂസയില്‍ ബൈക്ക് റേസിനിടെയുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. അഫ്താബ് ഷെയ്ക് എന്ന ബൈക്ക് റേസറാണ് മരിച്ചത്.
നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കില്‍ മറ്റ് ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇരുപത് വയസ് പ്രായമുള്ള ബൈക്ക് റേസറാണ് അഫ്താബ്. ഞായറാഴ്ച രാവിലെ 11.30ഓടെയാണ് റേസ് ആരംഭിച്ചത്. മഡ്ഗാവ് സ്വദേശിയാണ് അഫ്താബ്.
ക്ലാസ് 4 വിഭാഗത്തിലായിരുന്നു അഫ്താബ് മത്സരിച്ചിരുന്നത്.മോഗ്രിപ് നാഷണല്‍ സൂപ്പര്‍ക്രോസ് ചാംപ്യന്‍ഷിപ്പിന്‍റെ ഭാഗമായാണ് റേസ് സംഘടിപ്പിച്ചത്. ട്രാക്കില്‍ ബാലന്‍സ് നഷ്ടമായി വീണ അഫ്താബിന്‍റെ കഴുത്തിനും നെഞ്ചിനുമാണ് പരിക്കേറ്റത്. അഫ്താബിന് പിന്നിലായിരുന്ന റേസറുടെ ബൈക്കും അഫ്താബിന് മേലേയ്ക്ക് വീണിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം അഫ്താബിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഗോവാ മെഡിക്കല്‍ കോളേജില്‍ ചികിത്സ പുരോഗമിക്കുന്നതിനിടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് മപുസ പൊലീസ് കേസെടുത്തിട്ടുണ്ട്. ബോധ്ഗേശ്വര്‍ ക്ഷേത്രത്തിന് അഭിമുഖമായുള്ള വയലിലാണ് മത്സരം സംഘടിപ്പിച്ചത്. വയലില്‍ നിന്ന് മണ്ണ് നീക്കം ചെയ്ത് ട്രാക്ക് നിര്‍മ്മിച്ചതിനെതിരെ നേരത്തെ ഇവിടെ കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. മപുസ മുന്‍സിപ്പാലിറ്റിയുടെ അനുമതിയോടെയാണ് മത്സരം സംഘടിപ്പിച്ചതെന്നാണ് സൂചന.
നേരത്തെ മുംബൈയ്ക്കടുത്ത് അമ്ബര്‍നാഥില്‍ കാളയോട്ട മത്സരവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് വെടിവയ്പ് നടന്നിരുന്നു. രണ്ടു വിഭാഗങ്ങള്‍ ചേരി തിരിഞ്ഞ് പരസ്പരം വെടിവയ്ക്കുകയായിരുന്നു. കാളയോട്ട മത്സരം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിനിടയിലാണ് തര്‍ക്കമുണ്ടായതും വെടിവയ്പിലെത്തിയതും. ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. 15-20 റൌണ്ട് വെടിവയ്പ് നടന്നതായാണ് സൂചന.