അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ അപകടമരണം സ്കൂള്‍ അധികൃതരുടെ ഗുരുതര വീഴ്ചകൊണ്ട്;അന്വേഷണ റിപ്പോര്‍ട്ട്

single-img
15 December 2022

മലപ്പുറം: താനൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ അപകടമരണം സ്കൂള്‍ അധികൃതരുടെ ഗുരുതര വീഴ്ചകൊണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട്.

സ്കൂളിലെ ബസുകളില്‍ കുട്ടികളെ ഇറങ്ങാനും മറ്റും സഹായിക്കാന്‍ കാലങ്ങളായി ഒരാളെപ്പോലും വെച്ചില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തി.ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കിയ മോട്ടോര്‍വാഹന വകുപ്പ് സ്കൂളിനെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാന്‍ കലക്ടര്‍ക്ക് ശുപാര്‍ശ ചെയ്തു.

ഒമ്ബതുവയസുകാരിയായ ഷെഫ്ന ഷെറിന്‍ ബസിറങ്ങി നേരെ റോഡ് മുറിച്ചുകടക്കവെയാണ് അപകടത്തില്‍പ്പെട്ടത്.കുട്ടികളെ ശ്രദ്ധിച്ച്‌ ഇറക്കിവിടാന്‍ സ്കൂള്‍ ബസില്‍ ഒരു ജീവനക്കാരന്‍ ഉണ്ടായിരുന്നെങ്കില്‍ ഈ അപകടം ഒഴിവാക്കാമായിരുന്നു എന്ന് വിദ്യാഭ്യാസ വകുപ്പ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കണ്ടെത്തി.

നന്നമ്ബ്ര എസ്‌എന്‍യുപി സ്കൂളില്‍ രണ്ട് ബസുകളുണ്ടെന്നും ഇതില്‍ ഒരിക്കല്‍പ്പോലും ഡ്രൈവറിന് പുറമേ മറ്റൊരു ജീവനക്കാരനെ വെച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. മാനേജ്മെന്റിനുള്ളിലെ തര്‍ക്കമാണ് ഇത്തരമൊരു കെടുകാര്യസ്ഥതയിലേക്ക് നയിച്ചത്.റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥര്‍ക്ക് കൈമാറിയെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും മലപ്പുറം ഡിഡിഇ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

വീഴ്ച വരുത്തിയ നന്നമ്ബ്ര എസ്‌എന്‍യുപി സ്കൂള്‍ അധികൃതര്‍ക്കെതിരെ ദുരന്തനിവാരണനിയമപ്രകാരം നടപടി വേണമെന്ന് മോട്ടോര്‍വാഹനവകുപ്പ് കലക്ടര്‍ക്ക് ശുപാര്‍ശ നല്‍കി. ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ പരിശോധനകള്‍ നടത്തും.