മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പീഡനപരാതിയില്‍ ജീവനക്കാരനായ പ്രതി കസ്റ്റഡിയില്‍
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പീഡനപരാതിയില്‍ ജീവനക്കാരനായ പ്രതി കസ്റ്റഡിയില്‍.
മെഡിക്കല്‍ കോളേജിലെ അറ്റന്‍ഡറായ വടകര സ്വദേശി ശശീന്ദ്രനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വിശദമായ മൊഴിയെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം.
ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ സര്‍ജിക്കല്‍ ഐ.സി.യുവില്‍ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. ശസ്ത്രക്രിയക്ക് ശേഷം മയക്കം പൂര്‍ണ്ണമായും മാറാത്ത അവസ്ഥയില്‍ തന്നെ ജീവനക്കാരന്‍ പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ മൊഴി.
നേരത്തെ, അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെ മെഡിക്കല്‍ കോളേജ് അന്വേഷണസമിതിയെ നിയമിച്ചിരുന്നു. അഡീഷണല്‍ സൂപ്രണ്ട്, ആര്‍.എം.ഒ, നഴ്സിങ് സൂപ്രണ്ട് എന്നിവരാണ് സംഘത്തിലുള്ളത്. സമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു അറിയിച്ചത്.