പ്രതി ഗ്രീഷ്മ വിഷത്തിന്റെ പ്രവർത്തനരീതി വെബ് സെർച്ചിലൂടെ പഠിച്ചു; ഷാരോൺ വധക്കേസിൽ പ്രോസിക്യൂഷൻ

single-img
3 November 2024

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ വിഷത്തിന്റെ പ്രവർത്തനരീതി വെബ് സെർച്ചിലൂടെ പഠിച്ചെന്ന് പ്രോസിക്യൂഷൻ. പാരാക്വാറ്റ് എന്ന കളനാശിനിയുടെ മനുഷ്യ ശരീരത്തിലെ പ്രവർത്തനരീതികളെകുറിച്ചാണ് ഗ്രീഷ്മ വെബ്സെർച്ച് നടത്തിയത്.

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിഎസ് വിനീത് കുമാറാണ് പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ ഹാജരായത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിൽ നാളെ കേസിന്റെ വിചാരണ തുടരും. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ആകെ 141 സാക്ഷികൾ ആണുള്ളത്. പരമാവധി തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ ആണ് പ്രോസിക്യൂഷൻ തീരുമാനം.

ഒക്ടോബർ 15 നായിരുന്നു ഷാരോൺ കേസുമായി ബന്ധപ്പെട്ട വിചാരണ നെയ്യാറ്റിൻകര അഡീഷണൽ സെ ഷൻസ് കോടതിയിൽ ആരംഭിച്ചത്. കോടതിയിൽ വാദം തുടരുന്നതിനിടെയാണ് ഗ്രീഷ്മക്കെതിരെ ഗുരുതര തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.

ഷാരോണിന്റെയും ഗ്രീഷ്മയുടെയും ഫോണിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇവ ഉടൻ കോടതിയിൽ സമർപ്പിക്കും. 2022 ഒക്ടോബർ 13, 14 തീയതികളിലായാണ് ആൺ സുഹൃത്തായ ഷാരോണിന് ഗ്രീഷ്മ കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തുന്നത്.