കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മൂന്നാറില്‍ ഏക്കറുകണക്കിന് പ്രദേശത്തെ തേയില ചെടികള്‍ നശിച്ചു

single-img
15 January 2023

മൂന്നാര്‍: കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മൂന്നാറില്‍ ഏക്കറുകണക്കിന് പ്രദേശത്തെ തേയില ചെടികള്‍ കരിഞ്ഞുണങ്ങുന്നു.

ഹാരിസണിന് കീഴിലുള്ള ദേവികുളം ലാക്കാട് എസ്റ്റേറ്റില്‍ മാത്രം 62 ഏക്കര്‍ പ്രദേശത്തെ ചെടികളാണ് നശിച്ചത്. മൂന്നാറില്‍ 2019ന് ശേഷം ഉണ്ടാകുന്ന ഏറ്റവുവലിയ മഞ്ഞുവീഴ്ചയാണ് ഇകൊല്ലം റിപ്പോര്‍ട്ട് ചെയ്തത്.

പത്ത് മുതല്‍ തുടര്‍ച്ചയായ നാല് ദിവസം മൂന്നാര്‍, ദേവികുളം മേഖലകളില്‍ താപനില മൈനസ് മൂന്ന് ഡിഗ്രി സെല്‍ഷ്യസായിരുന്നു. പുലര്‍ച്ചെ തേയില ചെടികളില്‍ തങ്ങിനില്‍ക്കുന്ന മഞ്ഞുകണങ്ങള്‍ വെയിലാകുന്നതോടെ ഉരുകും. അതോടൊപ്പം ഇലകളും കരിഞ്ഞു പോകുന്നു.

മഞ്ഞുവീഴ്ചയെ തുടര്‍ന്ന് തേയില ചെടികള്‍ വ്യാപകമായി നശിക്കുന്നതോടെ വരും ദിവസങ്ങളില്‍ തേയില ഉല്‍പാദനം കുറയാനും വില വര്‍ധിക്കാനും സാധ്യതയുണ്ട്. ഇതോടെ തോട്ടതൊഴിലാളികളുടെ ജോലി നഷ്ടമാകാനും സാഹചര്യമുണ്ട്. എന്നാല്‍ ഇന്നലെ മൂന്നാറിലെ തണുപ്പിന്റെ കാഠിന്യം കുറഞ്ഞിട്ടുണ്ട്. ചെണ്ടുവര, കന്നിമല, ലക്ഷ്മി, ചിറ്റുവര, ലാക്കാട്, ഓഡികെ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇന്നലെ രാവിലെ പൂജ്യം ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. ഇന്ന് രാവിലെ മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി എന്നിവിടങ്ങളില്‍ ഒരു ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.