എസ്ഡിപിഐക്കെതിരെയും നടപടിയ്ക്ക് സാധ്യത; ധന ഇടപാടുകളിൽ നിരീക്ഷണം നടത്തുന്നു


പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന് പിന്നാലെ രാഷ്ട്രീയ പാർട്ടിയായ എസ്ഡിപിഐക്കെതിരെ നടപടിയ്ക്ക് സാധ്യത. ഇതിന്റെ ഭാഗമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പിഎഫ്‌ഐയുടെ പ്രവര്‍ത്തനങ്ങളും എസ്ഡിപിഐയുടെ ധന ഇടപാടുകള്‍ സംബന്ധിച്ചും നിരീക്ഷണം നടത്തുന്നുണ്ട്.
2018 മുതല്‍ 2020 വരെയുള്ള രണ്ടു വര്‍ഷ കാലയളവില്‍ സംഘടനയ്ക്ക് ലഭിച്ച സംഭാവനകളെ കുറിച്ച് എസ്ഡിപിഐ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. എന്നാൽ നിയമപ്രകാരം ഓഡിറ്റ് ചെയ്യപ്പെട്ട അക്കൗണ്ടില്‍ ഇക്കാലയളവില്‍ ഒമ്പത് കോടിയോളം രൂപയും എത്തിയിട്ടുണ്ട്.
ശേഷമുള്ള 2020- 21 വര്‍ഷത്തില്‍ 2.9 കോടി രൂപയും ലഭിച്ചു. പക്ഷെ , കണക്കില്‍ 22 ലക്ഷം രൂപ മാത്രമാണ് കാണിച്ചത്. അതേസമയം, ഇത്രയധികം തങ്ങൾക്ക് സംഭാവന നല്‍കിയവര്‍ ആരെല്ലാമാണെന്ന് വ്യക്തമല്ലെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2018 മുതല്‍ 2021 വരെയുള്ള കാലയളവിൽ ലഭിച്ച 11.78 കോടി രൂപയില്‍ 10 കോടിയും കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രം നിരോധനം ഏർപ്പെടുത്തിയ പിഎഫ്‌ഐയ്ക്കു വേണ്ടി എസ്ഡിപിഐ അംഗങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ യുഎപിഎ പ്രകാരം നടപടി എടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.