ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി; സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു
സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം കുറ്റാരോപിതരായവര്‍ക്കെതിരെ കേസെടുക്കുക, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെയ്ക്കുക, ആരോപണങ്ങളില്‍ മന്ത്രി ഗണേഷ് കുമാറിന്റെ പങ്ക് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആഗസ്റ്റ് 29 ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി എം ലിജു .
‘ആക്ഷന്‍ ഓണ്‍ ഹേമ റിപ്പോര്‍ട്ട്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി എല്ലാ ജില്ലകളിലെയും ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ കളക്ട്രേറ്റുകള്‍ക്ക് മുന്നിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 2 ന് യുഡിഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇതേ വിഷയത്തില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം തീരുമാനിച്ചിരിക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയെ പരിപാടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും എം.ലിജു അറിയിച്ചു.
പ്രതിഷേധ കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ കളക്ട്രേറ്റിന് മുന്നില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിര്‍വഹിക്കും. ജില്ലകളില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ കെപിസിസി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, എംപിമാര്‍, എംഎല്‍എമാര്‍, ഡി.സി.സി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുക്കും.