തുടര്‍ച്ചയായി നിയമവിരുദ്ധ പരസ്യം പതഞ്ജലിക്കെതിരെ നടപടിക്ക് നിര്‍ദേശം
തൃശൂര്‍: തുടര്‍ച്ചയായി നിയമവിരുദ്ധ പരസ്യം പ്രസിദ്ധീകരിച്ചെന്ന മലയാളി ഡോക്ടറുടെ പരാതിയില്‍ പതഞ്ജലി നിര്‍മാതാക്കള്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം.
ജനാരോഗ്യ വിദഗ്ധന്‍ ഡോ. കെ.വി. ബാബു നല്കിയ പരാതിയില്‍ ഉത്തരാഖണ്ഡ് ആയുഷ് യൂനാനി സ്റ്റേറ്റ് ലൈസന്‍സിങ് അതോറിറ്റി (എസ്.സി.എല്‍.എ), കേന്ദ്ര ഉപഭോക്തൃ സംരക്ഷണ സമിതി എന്നിവരാണ് പതഞ്ജലി ഉല്പന്നങ്ങളുടെ നിര്‍മാതാക്കളായ ദിവ്യ ഫാര്‍മസിക്കെതിരെ നടപടിക്ക് നിര്‍ദേശിച്ചത്.
ഇത്തരം പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന മുന്നറിയിപ്പ് അവഗണിച്ച് വീണ്ടും പ്രസിദ്ധീകരിച്ചതോടെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടപടികള്‍ക്ക് കളമൊരുങ്ങുന്നത്.
ഫെബ്രുവരി 21നായിരുന്നു രോഗസംഹാരിയായ മരുന്നുകളുടെ പരസ്യം ആദ്യഘട്ടത്തില്‍ പ്രസിദ്ധീകരിച്ചത്. ജനങ്ങള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടാക്കിയേക്കാവുന്ന ഇത്തരം പരസ്യങ്ങള്‍ ഡ്രഗ്സ് ആന്‍ഡ് മാജിക്കല്‍ റമിഡീസ് (ഒബ്ജക്ഷണബ്ള്‍) ആക്ട് 1954- സെക്ഷന്‍ മൂന്ന് (ഡി) , ഡ്രഗ്സ് ആന്‍ഡ് കോസ്മറ്റിക് ആക്ട് 1940, റൂള്‍സ് 1945 സെക്ഷന്‍ 106 (1) പ്രകാരം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡോ. ബാബു, ഡ്രഗ്സ് കണ്ട്രോള് ജനറല്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കിയിരുന്നു.
പരാതി ലഭിച്ച ആയുഷ് മന്ത്രാലയം നിര്‍മാണ യൂനിറ്റ് സ്ഥിതിചെയ്യുന്ന ഉത്തരാഖണ്ഡിലെ സ്റ്റേറ്റ് ഡ്രഗ് ലൈസന്‍സിങ് അതോറിറ്റിയോട് നടപടിക്ക് നിര്‍ദേശിച്ചു. തുടര്‍ന്ന് പരസ്യം പിന്‍വലിച്ചതായി ഔദ്യോഗികമായി അറിയിപ്പ് അധികൃതരില്‍നിന്ന് ലഭിച്ചിരുന്നു.
പതഞ്ജലി ജൂലൈ 10ന് വീണ്ടും ലൈപിഡോം ഉള്‍പ്പെടെ അഞ്ച് ഔഷധങ്ങളുടെ പരസ്യം പ്രസിദ്ധീകരിച്ചു. ഇതിനെതിരെ വീണ്ടും ഡോ. ബാബു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസന്‍സിങ് അതോറിറ്റി മാധ്യമങ്ങളില്‍ വന്ന പരസ്യം നല്‍കുന്നത് പിന്‍വലിച്ച് ഏഴു ദിവസത്തിനകം വിശദീകരണം നല്കാന് ഉത്തരവിട്ടു.
ചട്ടലംഘനം നടന്നിട്ടുണ്ടെന്നും നിര്‍മാതാക്കള്‍ക്കെതിരെ നടപടി എടുക്കാനും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ സമിതി ആയുഷ് മന്ത്രാലയത്തോട് നിര്‍ദേശിച്ചു. ഈ രണ്ട് നിര്‍ദേശങ്ങളുടെ രേഖകള്‍ കൈപ്പറ്റിയതായി ഡോ. കെ.വി. ബാബു പറഞ്ഞു.