കുമ്പളയിലെ ഫർഹാസിന്റെ അപകട മരണത്തിൽ പ്രതിഷേധം കനത്തതോടെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി


കാസർകോഡ്: കുമ്പളയിലെ ഫർഹാസിന്റെ അപകട മരണത്തിൽ പ്രതിഷേധം കനത്തതോടെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. എസ് ഐ രജിത്, സിവിൽ പൊലീസ് ഓഫീസർമാരായ ദീപു, രഞ്ജിത്ത് എന്നിവരെയാണ് സ്ഥലം മാറ്റിയത്. കാഞ്ഞങ്ങാട് ഹൈവേ പൊലീസിലേക്കാണ് ഇവരെ സ്ഥലം മാറ്റിയത്. അതേസമയം, മാറ്റി നിർത്തിയുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റമെന്നാണ് വിശദീകരണം.
പൊലീസുകാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് രംഗത്തെത്തിയിരുന്നു. പൊലീസ് സ്റ്റേഷന് മുന്നിൽ രാത്രി നീളും വരെയായിരുന്നു പ്രതിഷേധം. രാത്രിയിലേക്കും പ്രതിഷേധം നീണ്ടതോടെ യൂത്ത് ലീഗ്, എംഎസ്എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പൊലീസ് കിലോമീറ്ററുകളോളം വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ചെയ്സ് ചെയ്തു. ഇതാണ് അപകടത്തിന് കാരണമെന്നും നടപടി വേണമെന്നും എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞിരുന്നു. മൃതദേഹം മറവ് ചെയ്യുന്നതിന് മുമ്പ് കുറ്റക്കാരായ പൊലീസുകാരെ സസ്പെന്റ് ചെയ്യണം. നേരത്തെയും കാസർകോട്ടെ പൊലീസുകാർക്കെതിരെ പരാതി ഉണ്ടായിട്ടുണ്ടെന്ന് എകെഎം അഷ്റഫ് എംഎൽഎയും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് മുസ്ലിംലീഗ്. പൊലീസുകാർക്ക് സ്ഥലംമാറ്റം നൽകുന്നത് കൊണ്ട് കാര്യമില്ല. പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുന്നത് വരെ സമരം തുടരുമെന്നാണ് മുസ്ലിംലീഗ് നിലപാട്. വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സമരം ശക്തമാക്കുകയാണ് മുസ്ലിംലീഗ്. കൂടാതെ മരിച്ച ഫർഹാസിന്റെ മാതാവ് മുഖ്യമന്ത്രിക്ക് പരാതിയും നൽകും.
പൊലീസിനെതിരെ കടുത്ത വിമര്‍ശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംയും രംഗത്തെത്തിയിരുനനു. ആവേശ തള്ളിച്ചയിൽ സ്ഥലകാല ബോധമില്ലാത്ത ചില പൊലീസുകാര്‍ കാട്ടിക്കൂട്ടിയ പരക്രമത്തിനെതിരെ നടപടി വേണമെന്ന് എംപി ആവശ്യപ്പെട്ടു. പൊലീസ് ഏകദേശം ആറ് ആറ് കിലോമീറ്റര്‍ വാഹനത്തെ പിന്തുടര്‍ന്നു. ഇതേത്തുടര്‍ന്നാണ് കാറിന്റെ നിയന്ത്രണം തെറ്റി വണ്ടി കുളത്തൂർ പള്ളം എന്ന സ്ഥലത്ത് തല കീഴായി മറിഞ്ഞതെന്നും രാജ്മോഹൻ ഉണ്ണിത്താൻ ഫേസ്ബുക്കിൽ കുറിച്ചു. കാർ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന കാസർകോട് പേരാൽ സ്വദേശി ഫർഹാസ് (17) ആണ് മരിച്ചത്. സുഹൃത്തുക്കളുമായി സഞ്ചരിക്കുമ്പോൾ പൊലീസിനെ വെട്ടിച്ച് പോകുന്നതിനിടയിൽ കാർ മറിഞ്ഞാണ് പരിക്കേറ്റത്. ചികിത്സയിൽ തുടരുന്നതിനിടെയാണ് അന്ത്യം.