ഗ്രോ വാസുവിനെ ജയിലിൽ സന്ദർശിച്ച് നടൻ ജോയ് മാത്യു

single-img
16 August 2023

ഗ്രോ വാസുനിനെതിരെയുള്ള കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് നടൻ ജോയ് മാത്യു. കരുളായിയിൽ മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലാണ് കോല ചെയ്തതെന്ന് പറഞ്ഞത് സിപിഐക്കാരാണെന്നും എന്നാൽ ഇപ്പോൾ അവർ വാലും ചുരുട്ടി മിണ്ടാതിരിക്കുകയാണെന്നും ജോയ് മാത്യു പറഞ്ഞു.

ഇന്ന് ഗ്രോ വാസുവിനെ ജയിലിൽ സന്ദർശിച്ച ശേഷമായിരുന്നു ജോയ് മാത്യുവിൻറെ പ്രതികരണം. വ്യാജ ഏറ്റുമുട്ടലുണ്ടായെന്ന് പറഞ്ഞതാണ് ഗ്രോ വാസു ചെയ്ത കുറ്റം. അനീതിക്കെതിരെ ആരെങ്കിലും പറഞ്ഞാൽ കേസിൽ പെടുത്തി അകത്താക്കുകയാണ്. മുഖ്യമന്ത്രിയെ വിമർശിച്ചാൽ എന്താണ് കുഴപ്പമെന്നും ജോയ് മാത്യു ചോദിച്ചു.

കോൺഗ്രസിലെ ഉമ്മൻ ചാണ്ടിയെ പോലെയുള്ള ജനകീയ മുഖ്യമന്ത്രിമാർ ഉണ്ടായിരുന്ന നാടാണിതെന്ന് മറക്കരുതെന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു. നേരത്തെ 2016 ല്‍ കരുളായിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച കേസിലാണ് ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്യുന്നത്.

കേസിൽ ജാമ്യമെടുക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നെങ്കിലും ജാമ്യമെടുക്കാനില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് കോടതിയെ വാസു അറിയിച്ചു. അതോടെ കോടതി വാസുവിൻറെ റിമാൻഡ് കാലാവധി നീട്ടുകയായിരുന്നു. ഇതേത്തുടർന്ന് തൻറെ പോരാട്ടം കോടതിയോടല്ല ഭരണകൂടത്തോടാണെന്ന് ഗ്രോ വാസു പ്രതികരിക്കുകയും ചെയ്തിരുന്നു.