നടന്‍ മാമുക്കോയ അന്തരിച്ചു

26 April 2023

നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം സംഭവിച്ചത്.
ഈ മാസം 24 ന് കാളികാവില്‍ ഒരു ഫുട്‌ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലാക്കി.
നാടകനടനായിട്ടായിരുന്നു മാമുക്കോയ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. കെടി മുഹമ്മദിന്റെ നാടകങ്ങളിലെ അവിഭാജ്യ ഘടകമായിരുന്നു മാമുക്കോയ. വൈക്കം മുഹമ്മദ് ബഷീറുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 1979 ല്‍ പുറത്തിറങ്ങിയ അന്യരുടെ ഭൂമി ആണ് ആദ്യ സിനിമ. സത്യന്‍ അന്തിക്കാടിന്റെ സിനിമകളിലൂടെയാണ് മാമുക്കോയ ജനകീയ നടനായി വളര്‍ന്നത്. രണ്ടു തവണ സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്.