ഏഷ്യയിലെ ധനികരിൽ ഒന്നാമൻ അദാനി ; ഫോബ്സ് പുറത്തുവിട്ട പട്ടികയിൽ 5 ഏഷ്യാക്കാർ


അന്താരാഷ്‌ട്ര ധനികരുടെ ഫോബ്സ് പട്ടികയില്‍ ഇടം പിടിച്ച് ഏഷ്യാക്കാരായ അഞ്ച് കോടീശ്വരന്‍മാര്‍. ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്നും രണ്ടുപേര്‍ വീതവും, ഇന്തോനഷ്യയില്‍ നിന്നുള്ള ഒരാളുമാണ് 2022ല്‍ കൂടുതല്‍ നേട്ടം കൈവരിച്ചത്.
നിർമ്മാണമേഖലയിലെ സിമന്റ് , വൈദ്യുത ഉത്പാദനം, റിയല്‍ എസ്റ്റേറ്റ് എന്നിവയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഇന്ത്യയിലെ പ്രമുഖ വ്യവസായിയായ ഗൗതം അദാനിയാണ് ഏഷ്യയിലെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാമന്‍. ഫോബ്സിന്റെ 2022ലെ ഈ മാസത്തെ കണക്ക് പ്രകാരം അദാനി ലോകധനികരിൽ മൂന്നാം സ്ഥാനത്താണ്.
2022 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 90.1 ബില്യൺ മൂല്യമുണ്ടായിരുന്ന അദാനി ധനികരുടെ പട്ടികയിൽ പത്താമതായിരുന്നു. 2022 ലെ അദാനിയുടെ നേട്ടം 55.1 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയോളം വര്‍ധന.
അതേസമയം ഇന്തോനേഷ്യയിലെ വ്യവസായിയായ ലോ ടക്ക് ക്വാങാണ് രണ്ടാം സ്ഥാനത്ത്. ‘ഇന്തോനേഷ്യയിലെ കല്‍ക്കരി വ്യാപാരി’ എന്നറിയപ്പെടുന്ന ലോ ടക്ക് ക്വാങിന്റെ ഈ വര്‍ഷത്തെ നേട്ടം 16 ബില്യണ്‍ ഡോളറാണ്.ഇ- കൊമേഴ്സ് ഭീമനായ ചൈനയുടെ കോളിന്‍ ഷെങ് ഹുവാങ് ആണ് കോടീശ്വരന്‍മാരുടെ പട്ടികയില്‍ മൂന്നാമന്‍. ഏകദേശം 11.1 ബില്യനാണ് ഹുവാങിന്റെ ഈ വര്‍ഷത്തെ നേട്ടം.
തൊട്ടുപിന്നാലെ ചൈനയുടെ വു യിലിംഗ് ആണ് 2022 ല്‍ നേട്ടം കൊയ്ത നാലാമന്‍. യിലിംഗിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി നിര്‍മ്മിച്ച ഹെര്‍ബല്‍ മെഡിസിൻ കോവിഡിന്റെ പശ്ചാത്തലത്തില്‍ വലിയ സ്വീകാര്യത നേടിയിരുന്നു. ഇതാണ് വു യിലിംഗിന്റെ നേട്ടത്തിന്റെ പ്രധാന കാരണം.കോള രാജാവായ രവി ജയ്പുരിയാണ് അഞ്ചാം സ്ഥാനക്കാരന്‍. 2022 ലെ കണക്കുകള്‍ പ്രകാരം ജയ്പുരിയയുടെ നേട്ടം 3.9 ബില്യണാണ്.