അദാനി ബംഗ്ലാദേശിനു വൈദ്യുതി നൽകും; ധാരണയിലെത്തിയത് ഷെയ്ഖ് ഹസീനയുമായി അദാനി നടത്തിയ കൂടിക്കാഴ്ചയിൽ

single-img
7 September 2022

ബംഗ്ലാദേശിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യാന്‍ അദാനി ഗ്രൂപ്പ് ബംഗ്ലാദേശുമായി ധാരണയിൽ എത്തിയതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി അദാനി പവര്‍ ലിമിറ്റഡ് ജാര്‍ഖണ്ഡില്‍ 1.6 ജിഗാവാട്ട് സൗകര്യവും കയറ്റുമതിക്കായി ഒരു ട്രാന്‍സ്മിഷന്‍ ലൈനും ഡിസംബര്‍ 16-നകം കമ്മീഷന്‍ ചെയ്യുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ന്യൂഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അദാനി ട്വിറ്ററില്‍ വ്യക്തമാക്കി.

കയറ്റുമതി അധിഷ്‌ഠിത സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി 2041 ഓടെ വൈദ്യുതി ഉൽപാദന ശേഷി ഇരട്ടിയാക്കാനാണ് ബംഗ്ലാദേശ് ലക്ഷ്യമിടുന്നത്. എന്നാൽ റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് ഗ്യാസ്, കൽക്കരി തുടങ്ങിയ ഇന്ധനങ്ങളുടെ വില കുതിച്ചുയർന്നതിനാൽ ബംഗ്ലാദേശ് കടുത്ത ഊർജക്ഷാമം നേരിടുകയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി ഖനന മേഖലകളിലൊന്നാണ് ജാർഖണ്ഡ്, എന്നാൽ പരിസ്ഥിതി മന്ത്രാലയത്തിന്റെ 2017 ലെ രേഖകൾ പ്രകാരം വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഇന്ധനമാണ് പ്ലാന്റ് പ്രധാനമായും ഉപയോഗിക്കുന്നത്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കല്‍ക്കരി കടല്‍മാര്‍ഗവും തുടര്‍ന്ന് ട്രെയിനിലുമാണ് അദാനി കല്‍ക്കരിയെത്തിക്കുന്നത്. ഇത് ഏറെ വിമര്‍ശനങ്ങളും നേരിടാന്‍ കാരണമായി.