ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ടിൽ അദാനിഗ്രൂപ്പിന് ക്ലീന്‍ചിറ്റ്; സെബിക്ക് വീഴ്ചപറ്റിയെന്ന് പറയാനാകില്ലെന്ന് വിദഗ്ധ സമിതി
അമേരിക്കൻ ഷോർട്ട് സെല്ലർ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ അദാനിഗ്രൂപ്പിന് ക്ലീന്‍ചിറ്റ് നല്‍കി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി. അദാനി ഗ്രൂപ്പ് ഓഹരിവിലയില്‍ കൃത്രിമം കാണിച്ചെന്ന് ഉള്‍പ്പെടെയുള്ള ആരോപണങ്ങളിലാണ് വിദഗ്ധ സമിതിയുടെ ക്ലീന്‍ചിറ്റ്.
സെബി ക്ക് വീഴ്ചപറ്റിയെന്ന് പറയാനാകില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി പറയുന്നു. ജസ്റ്റിസ് എ.എം സാപ്രെ അധ്യക്ഷനായ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിലാണ് വിലയിരുത്തല്‍. നേരത്തെ, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിന് ശേഷം ഓഹരിവിപണിയുമായി ബന്ധപ്പെട്ട് സെബിക്ക് ഏതെങ്കിലും തരത്തിലുള്ള വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്.
തുടർന്ന് അന്വേഷണം നടത്തിയശേഷം സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ ഘട്ടത്തില്‍ സെബിക്ക് വീഴ്ച പറ്റിയെന്ന് പറയാനാകില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ഓഹരിവില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു ക്രമക്കേടും സെബിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സെബിയുടെ വിശദീകരണം അടക്കം പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.