എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റും; സിപിഐക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
3 October 2024
ആരോപണ വിധേയനായ സംസ്ഥാന എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നുമാറ്റുമെന്ന് സിപിഐക്ക് മുഖ്യമന്ത്രി പിണറായി വിജയൻറെ ഉറപ്പ്. കേരളാ പൊലിസ് മേധാവിയുടെ അന്വേഷണ റിപോർട്ട് വന്നശേഷം മാറ്റമുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാർട്ടി എക്സിക്യൂട്ടിവ് യോഗത്തെ അറിയിക്കുകയായിരുന്നു .
അജിത് കുമാറിനെ ക്രമസമാധാനചുമതലയിൽ നിന്ന് മാറ്റാതെ പറ്റില്ലെന്നും ബിനോയ് വിശ്വം പാർട്ടി യോഗത്തിൽ പറഞ്ഞു. അതേസമയം, എഡിജിപിയെ മാറ്റണമെന്ന ആവശ്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായും പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുമായും എകെജി സെന്ററില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ ബിനോയ് വിശ്വം ആവശ്യപ്പെട്ടിരുന്നു. ഈ കൂടിക്കാഴ്ച്ചയിലാണ് എഡിജിപിക്കെതിരായ നടപടി സംബന്ധിച്ച് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്.