നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായിയും തമ്മിലുള്ള കേരളത്തിലെ പാലമാണ് എഡിജിപി: കെ മുരളീധരന്‍

single-img
21 September 2024

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത് ഉണ്ടയില്ലാ വെടിയെന്ന പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പത്രസമ്മേളനത്തില്‍ കണ്ടത് ഏകാധിപതിയുടെ ശൈലിയാണെന്നും മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രി നൽകിയ നിര്‍ദേശപ്രകാരമാണ് എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത്. വ്യക്തിപരമായെങ്കില്‍ പോലും എഡിജിപി ഇതിനായി അനുമതി വാങ്ങിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായിയും തമ്മിലുള്ള കേരളത്തിലെ പാലമാണ് എഡിജിപിയെന്നും മുരളീധരന്‍ ആരോപിച്ചു .

സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിട്ട് പോലും മുഖ്യമന്ത്രി ഈ കാര്യത്തിൽ മിണ്ടിയില്ലെന്നും വിജിലന്‍സ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥര്‍ ക്രമസമാധാന ചുമതലയില്‍ തുടരുകയാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. ക്രമസമാധാന ചുമതലയില്‍ നിന്ന് അദ്ദേഹത്തെ മാറ്റാതെയുള്ള വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരായി ഒരു നടപടിയും മുഖ്യമന്ത്രിയെടുക്കില്ല. 2011-ല്‍ ഏറനാട്ട് അന്‍വ്വറിന് സിപിഎം വോട്ട് ചെയ്തു. അപ്പോൾ മുതല്‍ സിപിഎം അന്‍വ്വറിനെ പോത്സാഹിപ്പിക്കുകയായിരുന്നു. കേന്ദ്ര സർക്കാരിലേക്ക് അയക്കാൻ തയ്യാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി വായിക്കണമായിരുന്നു. മുഖ്യമന്ത്രി നേരെയാകില്ലെന്ന് തെളിയിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.
സിപിഐ കാര്യങ്ങള്‍ മുഖത്ത് നോക്കി പറഞ്ഞ് ഇറങ്ങി പോകണമെന്നും അല്ലെങ്കില്‍ ഉച്ചിഷ്ടം കഴിച്ച് തുടരുകയെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.