പ്രദേശത്ത് കടുത്ത തണുപ്പ്; അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ അദ്വാനി പങ്കെടുക്കില്ല
ഇന്ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി പങ്കെടുക്കില്ല. പ്രദേശത്ത് ഇപ്പോഴും കഠിനമായ തണുപ്പ് തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ പ്രയത്നിച്ചവരില്‍ പ്രധാനിയാണ് അദ്വാനി.
നേരത്തെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനുള്ള തിയതി നിശ്ചയിച്ചതിന് പിന്നാലെ പല മുതിര്‍ന്ന നേതാക്കള്‍ക്കും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെങ്കിലും അദ്വാനിക്ക് ലഭിച്ചിരുന്നില്ല. മുതിർന്ന നേതാക്കളായ എല്‍ കെ അദ്വാനിയുടേയും മുരളി മനോഹര്‍ ജോഷിയുടേയും പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അഭ്യര്‍ത്ഥിച്ചതായി രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് അറിയിച്ചിരുന്നു.
പക്ഷെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി പ്രചാരണം ആരംഭിച്ച ബിജെപിയിലെ മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തുന്നതില്‍ പാർട്ടിയുടെ ഉള്ളില്‍ നിന്നു തന്നെ എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇരുവരേയും പിന്നീട് ക്ഷണിക്കുകയായിരുന്നു.