പാകിസ്ഥാന്‍ കറന്‍സിക്ക് സമ്പൂർണനിരോധനം ഏർപ്പെടുത്തി അഫ്‌ഗാനിസ്ഥാൻ

single-img
6 October 2022

അതിർത്തി പങ്കിടുന്ന അയൽരാജ്യങ്ങൾ ആണെങ്കിലും ഏറെക്കാലമായി അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും നല്ല ബന്ധത്തിലല്ല. ഇപ്പോൾ അഫ്ഗാൻ ഭരിക്കുന്ന താലിബാൻ ഭരണകൂടം പാകിസ്ഥാൻ കറൻസി നിരോധിക്കാൻ ഉത്തരവിട്ടിരിക്കുകയാണ്.

പാകിസ്ഥാന്‍ രൂപ രാജ്യത്തെ വിനിമയങ്ങൾക്ക് ഉപയോഗിക്കുന്നതിലുള്ള നിരോധനം ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. അഫ്ഗാന്റെ വാര്‍ത്താ ഏജന്‍സി ഖാമ പ്രസാണ് ഈ വിവരം പുറത്തുവിട്ടത്. താലിബാന്‍ ഇന്റലിജന്‍സ് ഏജന്‍സിയാണ് പാകിസ്ഥാന്‍ കറന്‍സിയുടെ നിരോധനത്തെ കുറിച്ച്‌ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്.

അഫ്‌ഗാനിലെ മണി എക്സ്‌ചേഞ്ച് ഡീലേഴ്സിന്റെ അസോസിയേഷനോടും പാകിസ്ഥാൻ കറന്‍സിയില്‍ വിനിമയം നടത്തുന്നത് പൂര്‍ണമായും നിരോധിച്ചതായി താലിബാന്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, അഫ്ഗാനിസ്ഥാനില്‍ വ്യാപാരികള്‍ ഉള്‍പ്പടെ നിരവധി പേര്‍ ഇപ്പോഴും പാക് കറന്‍സിയില്‍ ഇടപാടുകള്‍ നടത്തുന്നുണ്ട്. പ്രത്യേകിച്ച്‌ പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഇടങ്ങളില്‍ പാക് കറന്‍സിയാണ് ഉപയോഗിക്കുന്നത്. താലിബാന്റെ പുതിയ നീക്കം ഇവര്‍ക്ക് വലിയ നഷ്ടവും തിരിച്ചടിയുമാവും.