ഇത് ചരിത്രം; അഫ്ഗാനിസ്ഥാൻ ട്വന്റി 20 ലോകകപ്പിന്റെ സെമിയിൽ
ചരിത്രത്തിൽ ആദ്യമായി ട്വന്റി 20 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ സെമിയിൽ കടന്നിരിക്കുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തു. രണ്ടാമത് ബാറ്റിംഗിൽ ബംഗ്ലാദേശ് 17.5 ഓവറിൽ 105 റൺസിൽ ഓൾ ഔട്ടായി.
തുടർന്ന് ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം എട്ട് റൺസിനാണ് അഫ്ഗാന്റെ വിജയം. ടോസ് ലഭിച്ച അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു . മികച്ച തുടക്കം ലഭിച്ചിട്ടും മെല്ലപ്പോക്കാണ് അഫ്ഗാനെ ചെറിയ സ്കോറിൽ ഒതുക്കിയത്. ആദ്യ വിക്കറ്റിൽ 59 റൺസ് പിറന്നു. എങ്കിലും ഇബ്രാഹിം സദ്രാന‍് 18 റൺസെടുക്കാൻ 29 പന്തുകൾ വേണ്ടിവന്നു.
അവസാന നിമിഷം ആഞ്ഞടിച്ച ക്യാപ്റ്റൻ റാഷിദ് ഖാനാണ് അഫ്ഗാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകളും വീണുകൊണ്ടിരുന്നു. വിക്കറ്റ് വേട്ടയ്ക്ക് നേതൃത്വം നൽകിയത് റാഷിദ് ഖാൻ തന്നെയാണ്. നാല് വിക്കറ്റുകൾ വീഴ്ത്തി അഫ്ഗാൻ ക്യാപ്റ്റൻ ബംഗ്ലാദേശിനെ പ്രതിസന്ധിയിലാക്കി. അഫ്ഗാൻ ജയിച്ചതോടെ ഓസ്ട്രേലിയ ട്വന്റി 20 ലോകകപ്പിൽ നിന്ന് പുറത്തായി.