തൃശ്ശൂരിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
തൃശൂര്‍: ജില്ലയിലെ ചേര്‍പ്പ് ഗ്രാമപഞ്ചായത്തിലെ സ്വകാര്യ ഫാമില്‍ പന്നിപ്പനി സ്ഥിരീകരിച്ചു.
ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊല്ലും. ഇവയുടെ സംസ്കാരം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വേണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.
സമീപപ്രദേശങ്ങളില്‍ പന്നിയിറച്ചി വില്‍ക്കുന്നതിനും വിലക്കുണ്ട്. ജില്ലയില്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെ ചേംബറില്‍ യോഗം ചേര്‍ന്നിരുന്നു.
വയനാട്, കണ്ണൂര്‍ ജില്ലകളില്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലും നിരീക്ഷണം ശക്തമാക്കിയിരുന്നു. ചേര്‍പ്പിലെ സ്വകാര്യ ഫാമില്‍ പന്നികള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഭോപാലിലെ വൈറോളജി ലാബില്‍ നടത്തിയ സാമ്ബിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.