പ്രവാചകൻ പഠിപ്പിച്ചത് ക്ഷമിക്കാൻ; പോപ്പുലർ ഫ്രണ്ട് നേതാവിന്‍റെ പ്രസംഗത്തിനെതിരെ മതനേതാക്കൾ

single-img
20 September 2022

പോപ്പുലര്‍ ഫ്രണ്ട് നേതാവിന്‍റെ പ്രസംഗത്തിനെതിരെ മുസ്ലിം സംഘടനക. പോപ്പുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനത്തില്‍ ഇമാം കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഫ്സല്‍ ഖാസിമി നടത്തിയ പ്രസംഗത്തിനെതിരെയാണ് ഇരുവിഭാഗം സമസ്തനേതാക്കളും വിമർശനവുമായി രംഗത്ത് വന്നത്.

പ്രവാചകന്‍റെ അനുയായികള്‍ സംഘപരിവാറിനോട് പോരാടി രക്തസാക്ഷിത്വം വരിക്കാന്‍ തയ്യാറാവണമെന്നും, സംഘപരിവാറിനോട് എന്തുകൊണ്ട് സംയമനം പാടില്ലെന്നും സമർഥിക്കാൻ പ്രവാചകചരിത്രം തെറ്റായി വ്യാഖ്യാനിച്ചു എന്നാണു അഫ്സല്‍ ഖാസിമിക്കെതിരെ ഉയരുന്ന വിമർശനം. മാത്രമല്ല സംഘപരിവാറിനോട് പോരാടി രക്തസാക്ഷിത്വം വരിച്ചാല്‍ സ്വര്‍ഗം ലഭിക്കുമെന്നടക്കമുള്ള ഗുരുതര പരാമര്‍ശങ്ങള്‍ അഫ്സല്‍ ഖാസിമിയുടെ പ്രസംഗത്തിലുണ്ട്.

കൊല്ലാൻ വന്നവന് മാപ്പ് നല്‍കിയ നബിയെ പ്രതികാരം പഠിപ്പിച്ചയാളാക്കുകയാണ് പോപ്പുലര്‍ ഫ്രണ്ടെന്നാണ് മത നേതാക്കളുടെ വിമർശനം. ഇതിനു വേണ്ടി ഖുര്‍ആന്‍ തെറ്റായി വ്യാഖ്യാനിക്കുകയാണ് എന്നും അവർ ആരോപിക്കുന്നു. പ്രവാചകചരിത്രം വളച്ചൊടിച്ച് വിശ്വാസികളെ വഴിതെറ്റിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് കാന്തപുരം വിഭാഗം നേതാവ് പേരോട് അബ്ദുറഹ്മാന്‍ സഖാഫി കുറ്റപ്പെടുത്തി.

സമസ്ത നേതാക്കളും അഫ്സല്‍ ഖാസിമിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പ്രവാചകന്‍ തിരിച്ചടിക്കാനാണ് പ്രേരിപ്പിക്കുന്നതെന്ന തെറ്റായ വ്യാഖ്യാനമുണ്ടാക്കുന്നത് മതവിരുദ്ധമാണെന്ന് മതപണ്ഡിതര്‍ കുറ്റപ്പെടുത്തുന്നു. പ്രവാചക ചരിത്രം വളച്ചൊടിച്ച് വൈകാരികതയും തീവ്രചിന്തയും ഇളക്കിവിടാനാണ് അഫ്സല്‍ ഖാസിമി ശ്രമിക്കുന്നതെന്ന് എസ് കെ എസ് എസ് എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കിലൂടെ വിമർശിച്ചു.

പ്രവാചകചരിത്രം തെറ്റായി വ്യാഖ്യാനിച്ചതിന് മാപ്പ് പറയണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മതസംഘടനകള്‍. സ്വാര്‍ഥലാഭത്തിനായി പോപ്പുലര്‍ ഫ്രണ്ട് ഹദീസുകള്‍ വളച്ചൊടിക്കുന്നുവെന്ന കാലങ്ങളായുള്ള വിമര്‍ശനത്തിന് തെളിവാണ് ഖാസിമിയുടെ പ്രസംഗമെന്നും അവര്‍ പറയുന്നു.