ജീപ്പില്‍ കയറിയ ശേഷം സ്റ്റേഷനിലേക്കു പോകുംവഴി പൊലീസ് കഴുത്തില്‍ വട്ടംപിടിച്ച് ശ്വാസം മുട്ടിച്ചു; എസ്‌എഫ്‌ഐ നേതാവിന് പൊലീസിന്റെ ക്രൂരമര്‍ദനം; മുഖ്യമന്ത്രിക്ക് പരാതി നൽകി
കൊച്ചി; എസ്‌എഫ്‌ഐ നേതാവിന് പൊലീസിന്റെ ക്രൂരമര്‍ദനം. എസ്‌എഫ്‌ഐ പള്ളുരുത്തി ഏരിയ വൈസ് പ്രസിഡന്റ് പി എസ് വിഷ്ണുവിനെ പള്ളുരുത്തി എസ്‌ഐ അശോകനാണ് ക്രൂരമര്‍ദനത്തിന് ഇരയായത്.
അക്വിനാസ് കോളജ് ബസ് സ്റ്റോപ്പില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത് മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ വിഷ്ണു മുഖ്യമന്ത്രിക്കും അസി. കമ്മിഷണര്‍ക്കും പരാതി നല്‍കി.
ബിരുദ വിദ്യാര്‍ഥികളെ തടഞ്ഞുനിര്‍ത്തി അകാരണമായി അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതാണ് മര്‍ദനത്തിന് കാരണമായത്. വിഷ്ണുവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും അസഭ്യം പറഞ്ഞ് ജീപ്പില്‍ പിടിച്ചുകയറ്റുകയും ചെയ്തു. ഈ സമയം എസ്‌ഐ വിഷ്ണുവിന്റെ നെഞ്ചില്‍ പല തവണ ഇടിച്ചു പരിക്കേല്‍പ്പിച്ചു. ജീപ്പില്‍ കയറിയ ശേഷം സ്റ്റേഷനിലേക്കു പോകുംവഴി പൊലീസ് കഴുത്തില്‍ വട്ടംപിടിച്ച് ശ്വാസം മുട്ടിച്ചതായും വിഷ്ണു പറയുന്നു.
പൊലീസ് ജീപ്പില്‍ കയറ്റി വിഷ്ണുവിനെ എസ്‌ഐ നെഞ്ചില്‍ ഇടിക്കുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പരുക്കേറ്റ വിഷ്ണു കരുവേലിപ്പടി ആശുപത്രിയില്‍ ചികിത്സ തേടി. എസ്‌ഐക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് എസ്‌എഫ്‌ഐ പള്ളുരുത്തി ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.