യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പന്ത്രണ്ട് കഷണങ്ങളാക്കി;ഭർത്താവ് കസ്റ്റഡിയിൽ

single-img
18 December 2022

റാഞ്ചി: പങ്കാളിയായ ശ്രദ്ധവാല്‍ക്കറിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ സംഭവത്തിന് പിന്നാലെ സമാനമായ മറ്റൊരു കൊലപാതകം കൂടി.

ഝാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ചിലാണ് ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പന്ത്രണ്ട് കഷണങ്ങളാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.

ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് യുതിയുടെ ഛിന്നഭിന്നമാക്കപ്പെട്ട മൃതദേഹം സന്താലി മോമിന്‍ തോല പ്രദേശത്തെ ഒരു പഴയവീട്ടില്‍ നിന്ന് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. റുബിക പഹാഡിന്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്നും കൊലപാതകം നടത്തിയത് ഭര്‍ത്താവ് ദില്‍ദാര്‍ അന്‍സാരിയാണെന്നും പൊലിസ് പറഞ്ഞു. ദില്‍ദാറിന്റെ രണ്ടാം ഭാര്യയാണ് റൂബിക. യുവതിയെ കാണാനില്ലെന്ന് കാണിച്ച്‌ റുബികയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ റുബികയുടെ ഛിന്നഭിന്നമായ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

ഗോത്ര വിഭാഗത്തില്‍പ്പെട്ട 22 വയസ്സുള്ള സ്ത്രീയുടെ മൃതദേഹത്തിന്റെ 12 ഭാഗങ്ങള്‍ സാഹിബ്ഗഞ്ചില്‍ നിന്ന് കണ്ടെത്തിയതായും ശരീരത്തിന്റെ ചില ഭാഗങ്ങള്‍ കണ്ടെത്താനായില്ലെന്നും പൊലീസ് പറഞ്ഞു. അവയ്ക്കായുളള തിരച്ചില്‍ തുടരുകയാണ്. യുവതിയുടെ രണ്ടാം ഭര്‍ത്താവായ ദില്‍ദാറിനെ കസ്റ്റഡിയിലെടുത്തതായി സാഹിബ് ഗഞ്ച് എസ്പി പറഞ്ഞു.