ഏഴര വര്‍ഷത്തിന് ശേഷം പള്‍സര്‍ സുനി നാളെ ജാമ്യത്തിലിറങ്ങും

single-img
18 September 2024

കൊച്ചിയിൽ വാഹനത്തിനുള്ളിൽ നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി നാളെ ജാമ്യത്തിലിറങ്ങും.കേസില്‍ പ്രതിഭാഗം സാക്ഷികളുടെ വിസ്താരം ആരംഭിക്കാനിരെക്കെയാണ് ഏഴര വര്‍ഷത്തിന് ശേഷം സുനി പുറത്തേയ്ക്ക് എത്തുന്നത്.

ഈ കാലയളവിൽ 13 തവണയാണ് ജാമ്യത്തിനായി പള്‍സര്‍ സുനി പലപ്പോഴായി കോടതിയെ സമീപിച്ചത്. ഇതിനെ തുടർന്ന് തുടര്‍ച്ചയായി ജാമ്യാപേക്ഷ നല്‍കിയതിന് കഴിഞ്ഞ ജൂണില്‍ ഹൈക്കോടതി 25000 രൂപ പിഴവിധിച്ചിരുന്നു.

ഇത്തരത്തിൽ ജാമ്യഹര്‍ജി നല്‍കി സഹായിക്കാന്‍ സുനിക്ക് പിന്നില്‍ ആരോ ഉണ്ടെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സുനി സുപ്രീംകോടതിയെ സമീപിച്ചത്. കേരളത്തിലെ വിചാരണ കോടതി നടപടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ജാമ്യഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി നടത്തിയത്.

സുനിയ്ക്ക് ഇപ്പോൾ ജാമ്യം നല്‍കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം കോടതി തള്ളി. പള്‍സര്‍ സുനി ഏഴര വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും, വിചാരണ ഇനിയും നീണ്ടേക്കാമെന്നും നിരീക്ഷിച്ചാണ് ജാമ്യം നല്‍കിയത്. നിലവിൽ നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം മാത്രമാണ് പൂര്‍ത്തിയായത്. പ്രതിഭാഗം സാക്ഷികളുടെ വിസ്താരം ഉടന്‍ ആരംഭിക്കും.