കൊലയ്ക്ക് ശേഷം ബിജേഷ് അനുമോളുടെ മൊബൈല്‍ ഫോൺ വിറ്റു; ബിജേഷ് ഒളിവില്‍ തന്നെ
കാഞ്ചിയാറിലെ അനുമോളുടെ കൊലപാതക കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് ബിജേഷ് അനുമോളുടെ മൊബൈല്‍ ഫോണ്‍ വിറ്റ ശേഷമാണ് കടന്ന് കളഞ്ഞതെന്ന് പോലീസ് കണ്ടെത്തി.
ചൊവ്വാഴ്ച രാവിലെയാണ് ബിജേഷ് ഒളിവില്‍ പോയത്. കാഞ്ചിയാര്‍ വെങ്ങാലൂര്‍ക്കട സ്വദേശിയായ ഒരാള്‍ക്കാണ് ഫോണ്‍ അയ്യായിരം രൂപയ്ക്ക് വിറ്റത്. ഈ ഫോണ്‍ പൊലീസ് വീണ്ടെടുത്തു.
കഴിഞ്ഞ 21 ന് വൈകിട്ടാണ് കാഞ്ചിയാര്‍ സ്വദേശിയായ അധ്യാപിക അനുമോളെ വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിനു പിന്നാലെ ഭര്‍ത്താവ് ബിജേഷിനെ കാണാതാകുകയും ചെയ്തു. ജഡം കിടന്നിരുന്ന മുറിയിലോ വീട്ടിലോ അനുമോള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മൊബൈല്‍ ഫോണ്‍ മറ്റൊരാളുടെ കൈവശമുണ്ടെന്ന് കണ്ടെത്തിയത്.
കാഞ്ചിയാര്‍ വെങ്ങാലൂര്‍ക്കട സ്വദേശിയായ ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് ബിജേഷിന്‍റെ കൈയ്യില്‍ നിന്നും ഫോണ്‍ വിലയ്ക്ക് വാങ്ങിയതാണെന്ന് വ്യക്തമായത്. ഞായറാഴച രാവിലെ കട്ടപ്പന ബെവ്കോ ഔട്ട് ലെറ്റിനു സമീപത്ത് വച്ചാണ് പ്രതി അയ്യായിരം രൂപയ്ക്ക് ഫോണ്‍ ഇയാള്‍ക്ക് വിറ്റത്. ഈ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിജേഷിന്റെ മൊബൈല്‍ ഉപേക്ഷിച്ച നിലയില്‍ കുമളിയില്‍ നിന്നും കണ്ടെത്തിയിരുന്നു. അതേ സമയം ബിജേഷിനായുള്ള തിരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണ്.
കട്ടപ്പന ഡിവൈഎസ്‌പി നിഷാദ് മോന്‍റെ നേതൃത്വത്തില്‍ എസ് എച്ച് ഒ വിശാല്‍ ജോണ്‍സണ്‍, എസ് ഐ കെ. ദിലീപ്കുമാര്‍ എന്നിവര്‍ അടങ്ങുന്ന 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നാല് ടീമായി തിരിഞ്ഞാണ് അന്വേഷണം. ബിജേഷ് അതിര്‍ത്തി കടക്കാനുള്ള സാധ്യതയുള്ളതിനാല്‍ തമിഴ്നാട് ക്യൂ ബ്രാഞ്ചിന്‍റെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ വീട്ടില്‍ ഇന്ന് ജില്ലാ സയന്‍റഫിക് ഓഫീസര്‍ റാഫിയ മുഹമ്മദ് എത്തി രക്ത സാമ്ബിളുകള്‍ ശേഖരിച്ചു. ഇത് തിരുവനന്തത്തെ ഫൊറന്‍സ്കി ലാബിലേയ്ക്ക് അയക്കും. കഴിഞ്ഞ ദിവസം ഫോറന്‍സിക് സര്‍ജന്‍ ഡോ. ബിനുവും കൊലപാതകം നടന്ന വീട് സന്ദര്‍ശിച്ചിരുന്നു.