രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുന്നതോടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും: എംവി ഗോവിന്ദൻ മാസ്റ്റർ
രണ്ടാം പിണറായി വിജയൻ സർക്കാർ കാലാവധി പൂർത്തിയാക്കുന്നതോടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . കേന്ദ്രസർക്കാർ നൽകേണ്ട വിഹിതം വൻതോതിൽ വെട്ടിക്കുറച്ചുകൊണ്ട് സംസ്ഥാനത്തിന്റെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കടംവാങ്ങാനുള്ള പരിധി കുറച്ചതും കേരളത്തിന് കാര്യമായ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഇതുവഴി ഏകദേശം 40000 കോടി രൂപയുടെ വിഹിതമാണ് കുറയുന്നത്. ധാരാളം ആനുകൂല്യങ്ങളും റവന്യൂ കമ്മിറ്റി ഗ്രാൻഡും കേന്ദ്രം വെട്ടി കുറയ്ക്കുകയാണ്. ഏറ്റവും ഒടുവിൽ ജിഎസ്ടിയിലും കൈവച്ചു. കേരളത്തിലെ ഇടതുമുന്നണി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കേന്ദ്രം ബോധപൂർവ്വമായി പ്രവർത്തിക്കുകയാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.
സിപിഎം നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ലക്ഷമിടുന്നത് പ്രതിരോധമാണ്. കേരളം രാജ്യത്തിന് മാതൃകയായാണ് പ്രവർത്തിക്കുന്നത്. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എം.പിമാർ കേന്ദ്ര നയത്തിനെതിരെ സംസാരിക്കുന്നില്ല. സംസ്ഥാനത്തെ പ്രതിരോധത്തിലാക്കാനാണ് എം പിമാർ ശ്രമിക്കുന്നത്. ആർഎസ്എസ് ഹിന്ദു രാഷ്ട്രം,നടപ്പാക്കാൻ ശ്രമിക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ആർഎസ്എസ് വത്കരിക്കുകയാണ്. ജുഡീഷ്യൽ സംവിധാനം, സിബിഐ, ഇഡി, തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവിടങ്ങളിൽ ആർഎസ്എസ് ഇടപെടൽ ഉണ്ടാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.