സ്വകാര്യ വ്യക്തിയുടെ ഗോഡൗണില്‍നിന്ന് വീണ്ടും റേഷനരി പിടികൂടി

single-img
2 January 2023

ഹരിപ്പാട്: കരുവാറ്റ എസ്. എന്‍. കടവിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ ഗോഡൗണില്‍നിന്ന് വീണ്ടും റേഷനരി പിടികൂടി.

താറാവുതീറ്റയ്ക്കായി കൊണ്ടുന്ന 1,400 കിലോ അരിയാണ് സിവില്‍ സപ്ലൈസ് അധികൃതര്‍ പിടിച്ചെടുത്തത്. ഇതിനുമുമ്ബും ഇവിടെനിന്ന് പലതവണ റേഷനരി പിടികൂടിയിട്ടുണ്ട്. ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് അരിപിടിച്ചത്.

പ്ലാസ്റ്റിക് ചാക്കുകളിലേക്ക് റേഷനരി മാറ്റി നിറച്ച നിലയിലായിരുന്നു. പിടികൂടിയ അരി സപ്ലൈകോയുടെ ഹരിപ്പാട്ടുള്ള റേഷന്‍സംഭരണ കേന്ദ്രത്തിലേക്കു മാറ്റി. കളക്ടര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ച്‌ തുടര്‍നടപടി സ്വീകരിക്കും. കാര്‍ഡുടമകള്‍ക്കു മുട്ടനല്‍കി പകരം താറാവിനു തീറ്റയായി റേഷനരി വാങ്ങുകയാണ് ഗോഡൗണുടമയായ താറാവുകര്‍ഷകന്‍ ചെയ്യുന്നതെന്നാണ് സിവില്‍ സപ്ലൈസ് അധികൃതര്‍ പറയുന്നത്. രാവിലെ ഏഴുമുതലാണ് മുട്ടയ്ക്കു പകരമുള്ള അരി തിരിമറി നടക്കുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.

റേഷന്‍ധാന്യങ്ങളുടെ ക്രമക്കേടു നടത്തിയ ആളുടെ പേരു പുറത്തുവിടാന്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. രാഷ്ട്രീയസമ്മര്‍ദമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. റേഷനരിക്കടത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമവുമുണ്ടായിട്ടില്ല. റേഷനരി മറിച്ചുവില്‍ക്കുന്നവരെ പിടികൂടാതെ, അതു വാങ്ങുന്നവര്‍ക്കെതിരേ മാത്രം നടപടിയെടുക്കുന്ന അധികൃതരുടെ സമീപനവും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. സിവില്‍ സപ്ലൈസിന്റെ പരിശോധനകള്‍ തിരിമറിക്കാരുമായി ചേര്‍ന്നുള്ള ഒത്തുകളിയാണെന്നാണ് ആരോപണമുയരുന്നത്.

പിടിക്കപ്പെടുന്നവരുടെ പേരുവിവരം പുറത്തുവിടാത്തതും ചെറിയ പിഴയടച്ച്‌ പ്രതികള്‍ക്കു രക്ഷപ്പെടാന്‍ ഉദ്യോഗസ്ഥര്‍ അവസരമൊരുക്കുന്നതുമാണ് ആരോപണത്തിനു കാരണം. തിരിമറിക്കാര്‍ക്കെതിരേ പൊലീസ് നടപടികള്‍ വരുമ്ബോള്‍ മാത്രം സിവില്‍ സപ്ലൈസും പരിശോധനയ്ക്കിറങ്ങുകയാണ് പതിവ്. തിരിമറിക്കാരുമായി ചേര്‍ന്നുള്ള ഒത്തുകളിയാണിതെന്നാണ് ആരോപണം.