ചരിത്രത്തിലാദ്യം; മിസ് യൂണിവേഴ്സ് മത്സരത്തിന് യോഗ്യത നേടാനുള്ള പ്രായപരിധി എടുത്തുകളഞ്ഞു


1952ൽ ആരംഭിച്ചത് മുതലുള്ള മിസ് യൂണിവേഴ്‌സ് ചരിത്രത്തിൽആദ്യമായി, മിസ് യൂണിവേഴ്സ് മത്സരത്തിന് യോഗ്യത നേടാനുള്ള പ്രായപരിധി എടുത്തുകളഞ്ഞു. ഈ വർഷം സെപ്റ്റംബർ 12 മുതൽ, 18 വയസ്സിന് മുകളിലുള്ള ഏതൊരു സ്ത്രീക്കും മത്സരത്തിൽ യോഗ്യത നേടാനും മത്സരിക്കാനും അവസരമുണ്ട്.
ഇന്നലെ സ്പ്രിംഗ് 2024 ന്യൂയോർക്ക് ഫാഷൻ വീക്കിൽ ടാനി ഫ്ലെച്ചറുടെ ബ്യൂട്ടി പേജന്റ് ഷോയ്ക്കിടെയാണ് ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചത്. മുൻപ് 28 വയസ്സായി നിശ്ചയിച്ചിരുന്ന പ്രായപരിധിയിൽ ഇനി മത്സരാർത്ഥികൾക്ക് ബാധകമല്ല. തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് മത്സര സംഘടന ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.
“മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ മിസ് യൂണിവേഴ്‌സുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ ഉടനീളം എല്ലാ പ്രായപരിധികളും ഒഴിവാക്കുന്നതായി പ്രഖ്യാപിക്കുന്നു. ഈ മാറ്റം ആഗോളതലത്തിലുള്ള എല്ലാ മത്സരങ്ങൾക്കും ബാധകമായിരിക്കും. ”ലോകത്തിലെ പ്രായപൂർത്തിയായ ഓരോ സ്ത്രീക്കും മിസ് യൂണിവേഴ്‌സ് ആകാൻ മത്സരിക്കാൻ അർഹതയുണ്ടെന്നും അതിൽ പറയുന്നു.